സൌദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
Sunday, April 20, 2014 7:49 AM IST
റിയാദ്: റിയാദില്‍നിന്നും 780 കിലോമീറ്റര്‍ അകലെ ത്വായിഫിനടുത്ത് റദ്വാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മരിച്ചവരെല്ലാം മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്. തിരൂരിനടുത്ത് പയ്യനങ്ങാടി സ്വദേശികളായ ചന്ദ്രക്കാട്ട് മുഹമ്മദ് നവാസ് (26), ചന്ദ്രക്കാട്ട് നൌഷാദ് (26) കുറ്റിപ്പാല സ്വദേശികളായ തൊണ്ടയില്‍ കോരു മകന്‍ ശ്രീധരന്‍ (35), കൊട്ടിയാട്ടില്‍ ജനാര്‍ദ്ദനന്‍ (40) എന്നിവരും മലപ്പുറം മേല്‍മുറി സ്വദേശി അധികാരത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലീം (32) എന്നിവരാണ് മരിച്ചത്. ബംഗ്ളാദേശി പൌരനായ മുലായം ഖാനും തിരൂര്‍ വൈലത്തൂര്‍ പൊന്‍മുണ്ടം സ്വദേശി കടലായില്‍ ജഫ്ഷീറുമാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

ഞായറാഴ്ച പുലര്‍ച്ചെ ത്വായിഫ് റിയാദ് ഹൈവേയിലാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി 10.30ന് മക്ക അതിര്‍ത്തിയിലുള്ള സുഹൃത്തുക്കളുമായി അവര്‍ ബന്ധപ്പെട്ടിരുന്നു. അതിനുശേഷം ത്വായിഫില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ റദ്വാനടുത്ത് മരുഭൂമിയിലുള്ള മദായിന്‍ ഗോള്‍ഡിലുള്ള കമ്പനിയിലേക്ക് പോകും വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ അര്‍മാഡ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് പരിക്കേറ്റ ജഫ്ഷീര്‍ പറഞ്ഞു. എല്ലാവരും ഹന എന്ന കൊറിയന്‍ കമ്പനിക്കുവേണ്ടി കാറ്ററിംഗ് ചെയ്യുന്ന അല്‍ സാദ് അല്‍ ഉസ്മാന്‍ കമ്പനിയിലെ തൊഴിലാളികളാണ്.

മരിച്ച അഞ്ചു പേരുടേയും മൃതദേഹങ്ങള്‍ ത്വായിഫ് കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. മരിച്ച നൌഷാദ് ചന്ദ്രക്കാട്ട് മുഹമ്മദ് കുട്ടിയുടേയും നവാസ് ചന്ദ്രക്കാട്ട് മുഹമ്മദലി ഹാജിയുടേയും മക്കളാണ്. മേല്‍മുറി അധികാരത്തൊടി കുഴിമാട്ടിക്കളത്തില്‍ പരേതനായ ചെറുട്ടിയാണ് മുഹമ്മദ് സലീമിന്റെ പിതാവ്. ത്വായിഫ് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും എല്ലാ സഹായങ്ങളുമായി ബന്ധുക്കളോടൊപ്പമുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍