ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു
Sunday, April 20, 2014 7:44 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വം ആഘോഷിച്ചു. ഏപ്രില്‍ 17-ന് (വ്യാഴം) വൈകിട്ട് ഏഴിന് പെസഹാ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആചരിച്ചു.

ആഘോഷമായ ദിവ്യബലിയില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. വികാരി ഫാ. ജോയി ആലപ്പാട്ട്, രൂപതാ പ്രോക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ജോര്‍ജ് കെ. പീറ്റര്‍, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

'താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയും അരയില്‍ ചുറ്റി,
മിശിഹാ തന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി'

എന്നു തുടങ്ങുന്ന സഭയുടെ പുരാതനവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ ഗാനം ഗായക സംഘം ആലപിക്കവെ, തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ പിതാവ് കഴുകി, ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ചാപ്പലിലേക്ക് നടത്തുകയും പാതിരാ വരെ പൊതു ആരാധനയും നടത്തി.

പാരീഷ് ഹാളില്‍ പരമ്പരാഗതമായി ആചരിച്ചുവരുന്ന അപ്പംമുറിക്കലും പാലുകുടിയും നടത്തപ്പെട്ടു. മാര്‍ അങ്ങാടിയത്ത് അപ്പം മുറിച്ച് പ്രാര്‍ഥിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. അപ്പവും പാലും തയാറാക്കുന്നതിന് അച്ചാമ്മ മരുവത്തറ നേതൃത്വം നല്‍കി.

ലിറ്റര്‍ജി കോഓര്‍ഡിനേറ്റേഴ്സായ ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, കൈക്കാരന്മാരായ മനീഷ് ജോസഫ്, ഇമ്മാനുവല്‍ കുര്യന്‍ മൂലേക്കുടിയില്‍, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള, സിസ്റേഴ്സ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം