ഈസ്റ് മില്‍സ്റോണ്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഃഖവെള്ളിയാചരണം
Sunday, April 20, 2014 7:41 AM IST
ന്യൂജേഴ്സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി, കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതു ജീവിതത്തിന്റെ ഓര്‍മയാചരിക്കുന്ന ദുഃഖവെളളി ഈസ്റ് മില്‍സ്റോണ്‍ സെന്റ് തോമസ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഏപ്രില്‍ 18-ന് ഉച്ചകഴിഞ്ഞ് മൂന്നിനോടെ ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുവരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷകളിലും ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. കുരിശിന്റെ വഴിയിലൂടെ ഓരോരുത്തരും നല്‍കിയ ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായിരുന്നു.

അഞ്ചു മുതല്‍ ഇടവകയിലെ സിസിഡി കുട്ടികളും യുവജനങ്ങളും ചേര്‍ന്ന് കുരിശിന്റെ വഴി ഇംഗ്ളീഷിലും മലയാളത്തിലുമായി നടത്തി. കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളും ദൃശ്യരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു. ദൃശ്യാവിഷ്കാര ചടങ്ങുകള്‍ക്ക് വിന്‍സെന്റ് തോമസ്, സിസിലി വിന്‍സെന്റ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ഏറെ ഹൃദയസ്പര്‍ശിയായി.

അതിനുശേഷം വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍, ഫാ. ജോണ്‍ മാണിക്കത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, കുരിശു വന്ദനം, കൈയ്പു നീര്‍ കുടിക്കല്‍ തുടങ്ങിയവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു.

ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍, ന്യൂജേഴ്സി ഡിവൈന്‍ പ്രെയര്‍ സെന്റര്‍ സുപ്പീരിയര്‍ ഫാ. ജോണ്‍ മാണിക്കത്തന്‍ എന്നിവര്‍ പീഡാനുഭവ ശുശ്രൂഷകളില്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളിയോടൊപ്പം പങ്കുചേര്‍ന്നു.

ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ നടത്തിയ വചനശുശ്രൂഷ ദുഃഖവെള്ളിയാഴ്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഹൃദയസ്പര്‍ശകവുമായിരുന്നു.

'റോമ. 5.8-ല്‍ എന്നാല്‍ നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരുന്നു' എന്ന മഹത്തായ ദൈവസ്നേഹ വചനമാണ് ദുഃഖവെള്ളിയാഴ്ചയുടെ കാതല്‍ എന്ന് ഓര്‍മിപ്പിച്ചു.

ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി. ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, ഇടവക ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വെബ്സൈറ്റ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം