സത്ഗമയ വിഷുആഘോഷം ഭക്തിനിര്‍ഭരമായി
Saturday, April 19, 2014 8:16 AM IST
ഡബ്ളിന്‍: കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ കാര്‍ഷിക വിഭവങ്ങളാല്‍ ഒരുക്കിയ സമൃദ്ധിയുടെ പൊന്‍കണി ദര്‍ശിച്ച് പ്രവാസലോകത്തെ ഒരു കൂട്ടം മലയാളികള്‍ ഭക്തിനിര്‍ഭരമായി വിഷു ആഘോഷിച്ചു.

അയര്‍ലന്‍ഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘം വിഷുദിനത്തില്‍ ഡബ്ളിനിലെ ലൂക്കന്‍ ഒഇഇക ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ വിഷുക്കണി ദര്‍ശനം, പ്രവാസിമനസുകളില്‍ കാര്‍ഷിക സംസ്കൃതിയുടെ ഉണര്‍ത്തുപാട്ടായി മാറുകയായിരുന്നു. ഓട്ടുരുളിയില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ കണിക്കൊന്നയും വെള്ളരിക്കയും സ്വര്‍ണനാണയവും പഴവര്‍ഗങ്ങളും ഫലങ്ങളും ദര്‍ശിച്ച ഭക്തകണ്ഠങ്ങളില്‍ നിന്നും ഒപ്പം വിഷ്ണുസഹസ്രനാമവും ഉയര്‍ന്നു. കണ്ണിനു മുന്നില്‍ നിറഞ്ഞു തുളുമ്പുന്ന കാഴ്ചയും കൈപ്പുണ്യമുള്ളവരുടെ വിഷുക്കൈനീട്ടവും സമൃദ്ധിയുടെ ഒരു വര്‍ഷത്തെ മംഗളമായ തീര്‍പ്പിനെയാണ് കാണിക്കുന്നത്.

അജയന്റെ ഗണപതീവന്ദനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അനില്‍കുമാര്‍ വിഷു സന്ദേശം നല്‍കി. സപ്താ രാമന്‍ നമ്പൂതിരി, അഞ്ജലി ശിവാനന്ദ്, സ്വര രാമന്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തവും അമലേന്ദുവിന്റെ സ്കിറ്റും ഏറെ ഹൃദ്യമായി. വിഷുസദ്യയ്ക്കുശേഷം ആഘോഷപരിപാടികള്‍ മംഗളകരമായി പര്യവസാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ആര്‍.അനില്‍കുമാര്‍