കൊളോണിലെ പെസഹാ ആചരണം പാരമ്പര്യം പുതുക്കലായി
Saturday, April 19, 2014 3:37 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം കേരളത്തിലെ സീറോ മലബാര്‍ പാരമ്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു.

ഏപ്രില്‍ 17 ന് വ്യാഴാഴ്ച വൈകിട്ട് ആറിന് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. മുഖ്യകാര്‍മ്മികനായി നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ. ജോയ് ചെമ്പകശേരി ഒഎസ്ബി, ഫാ.മനോജ് (കപ്പൂച്ചിന്‍സഭാംഗം) എന്നിവര്‍ പെസഹാ ശുശ്രൂഷയിലും, ദിവ്യബലിയിലും സഹകാര്‍മ്മികത്വം വഹിച്ചു. കൂദാശകളില്‍ ഏറ്റവും വലിയ കൂദാശയായ പെസഹാ ദിനത്തില്‍ ഈശോ സ്ഥാപിച്ച വിശുദ്ധ കുര്‍ബാനയുടെ ശ്രേഷ്ഠത വിവരിച്ചുകൊണ്ട് ദിവ്യബലിമദ്ധ്യേ ജോയി അച്ചന്‍ വചന പ്രഘോഷണം നടത്തി. യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. ഡാനി ചാലായില്‍, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. സി.പൌളിനെ, ലില്ലി ശ്രാമ്പിയ്ക്കല്‍, ജോയി മാണിക്കത്ത് എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി.

'താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി മിശിഹാതന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി...' എന്നുതുടങ്ങുന്ന സീറോമലബാര്‍ സഭയുടെ പുരാതനവും അര്‍ത്ഥഭംഗിയില്‍ ശ്രേഷ്ഠവുമായ ഗാനം യൂത്ത് ഗായകസംഘം ആലപിയ്ക്കവേ സന്തോഷ് കോയിക്കേരില്‍, ജോള്‍ അരീക്കാട്ട്, ബിന്തോഷ് മണവാളന്‍, ഡെന്നി കരിമ്പില്‍, ബൈജു പോള്‍, സജീവ് മറ്റത്തില്‍, സിബു കോയിക്കേരില്‍ ആന്റു സഖറിയാ, ജിം വടക്കിനേത്ത്, സെനി പുത്തന്‍പുരയ്ക്കല്‍, ഹാനോ മൂര്‍, സൈലേഷ് രാജന്‍ എന്നീ പന്ത്രണ്ട് യുവാക്കളുടെ പാദങ്ങള്‍ ഇഗ്നേഷ്യസച്ചന്‍ കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കി.

ദിവ്യബലിയ്ക്കു ശേഷം ജോയി കാടന്‍കാവില്‍ പാനവായന നടത്തി. തുടര്‍ന്ന് അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയ്ക്ക് ഫാ. ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും ഉണ്ടായിരുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ ഏതാണ്ട് ഇരുനൂറ്റിയന്‍പതോളം വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ആന്റണി സഖറിയാ, സുനിത വിതയത്തില്‍, ജോസ് കുറുമുണ്ടയില്‍, ഹാനോ മൂര്‍, എല്‍സി വേലൂക്കാരന്‍, ജോസ് പെണ്ടാനം എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍