ദശദിന സംസ്കൃത ഭാഷാ ശിബിരം സമാപിച്ചു
Thursday, April 17, 2014 6:26 PM IST
കുവൈറ്റ്: സംസ്കൃത ഭാരതിയും ഭാരതിയ വിദ്യാഭവന്‍ സ്കൂള്‍ സംസ്കൃത വിഭാഗവും സംയുക്തമായി നടത്തിയ ദശദിന സംസ്കൃത ഭാഷാ ശിബിരത്തിന് പ്രൌഢഗംഭീരമായ പര്യവസാനം.

ഏപ്രില്‍ അഞ്ചിന് അബാസിയ ഭാരതിയ വിദ്യാഭവനില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുവൈറ്റ് ഭാരതീയ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു. ശിബിരാര്‍ഥികളും അബാസിയ ബാലദര്‍ശന്‍ കുട്ടികളും ആലപിച്ച പ്രാര്‍ഥന ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. മഹാദേവന്‍ വന്ദേമാതരവും ബിജുരാജ് ആമുഖ പ്രസംഗവും നടത്തി. സുഭാശിഷ് ഗോല്‍ദാര്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഇന്ത്യന്‍ എംബസി) ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.പി.നന്ദകുമാര്‍ (സംസ്കൃത ഭാരതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി) ലോക നന്മക്കുദകുന്ന സംസ്കൃത ഭാഷയുടെ മൂല്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു. വിവിധ ശിബിര കേന്ദ്രങ്ങളിലെ കുട്ടികള്‍ തങ്ങളുടെ അനുഭവം ചടങ്ങില്‍ പങ്കുവച്ചു.

ശിബിര അധ്യാപകരായ ഡോ.പി.നന്ദകുമാര്‍, വന്ദന (സംസ്കൃത ഭാരതി, കേരളം), ശ്രീ.ബാലാജി (സംസ്കൃത അധ്യാപകന്‍, ഭാരതീയ വിദ്യാഭവന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുഭാശിഷ് ഗോല്‍ദാര്‍, എന്‍.കെ. രാമചന്ദ്രമേനോന്‍ (ചെയര്‍മാന്‍, ഭാരതിയ വിദ്യാഭവന്‍), ഹരിദാസ് വാരിയര്‍ (അമ്മ കുവൈറ്റ്), ഡോ.ഗണേഷ് പരീത (കുവൈറ്റ് ഒഡീസ അസോസിയേഷന്‍), ബല്‍ശ്രീ ബേര (ആര്‍ട്ട് ഓഫ് ലിവിംഗ്), നകാരേ സതീഷ് ചന്ദ്ര ഷെട്ടി (കന്നടകൂട്ടം) എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. കുട്ടികള്‍ക്കായി സംസ്കൃത ഭാഷയിലുള്ള വീഡിയോ സിഡി പ്രകാശനം സുനില്‍ മേനോന്‍ (സംസ്കൃത വിഭാഗം മേധാവി, ഭാരതീയ വിദ്യാഭവന്‍) നിര്‍വഹിച്ചു. ശിബിരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചെയ്തു. സേവാദര്‍ശന്‍ പ്രസിഡന്റ് അജയകുമാര്‍് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്കൃത ഭാരതി കുവൈറ്റ് കോഓര്‍ഡിനേറ്റര്‍ പി.ഗോപകുമാര്‍ സ്വാഗതവും സംസ്കൃത ഭാരതി അംഗം മൈന സുനില്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്