മിഅ മലപ്പുറം ഫെസ്റ് 2014 സമാപിച്ചു
Thursday, April 17, 2014 6:22 PM IST
റിയാദ്: മലപ്പുറം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ മിഅയുടെ ഏഴാമത് വാര്‍ഷികാഘോഷം 'ലിങ്ക് പെന്‍സ് മലപ്പുറം ഫെസ്റ് 2014' ന് എക്സിറ്റ് 18ലുള്ള നോഫ ഓഡിറ്റോറിയത്തില്‍ ആവേശകരമായ പരിസമാപ്തി.

റിയാദിലെ സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമാപന സമ്മേളനം സാംസ് സ്റേഷനറീസ് മാനേജിംഗ് ഡയറക്ടര്‍ അമീര്‍ ചെറുകോട് ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് വിദ്യാഭ്യാസപരമായും വ്യാവസായിക വളര്‍ച്ചയിലും പിന്നോക്കാവസ്ഥയിലായിരുന്ന മലപ്പുറം ജില്ലയുടെ ഇന്നത്തെ അസൂയാവഹമായ വളര്‍ച്ച മറ്റു ജില്ലകള്‍ മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നാടിന്റെ നാനാഭാഗത്തും വര്‍ഗീയ പ്രശ്നങ്ങള്‍ ആളിക്കത്തുമ്പോഴും മലപ്പുറത്തിന്റെ മണ്ണിലെ മതസൌഹാര്‍ദ്ദത്തിന് ഒരു കോട്ടവും തട്ടാതെ ജാഗരൂകരായി അതിനെ സംരക്ഷിക്കാന്‍ നേതൃത്വം നല്‍കുന്ന മലപ്പുറത്തെ മത-രാഷ്ട്രീയ-സാംസ്കാരിക നായകന്മാര്‍ മതനിരപേക്ഷതയുടെ പുതിയ കഥകള്‍ കേരള ജനതക്ക് കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഷൌക്കത്ത് മഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനെ മിഅ ആദരിച്ചു. മലപ്പുറം ഫെസ്റ് 2014ന്റെ സ്പോണ്‍സര്‍ ലിങ്ക് പെന്‍സിന്റെ എംഡി വിനയ് മഹേശ്വരി ശിഹാബ് കൊട്ടുകാടിന് പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു. സാംസ് സ്റേഷനറി സ്പോണ്‍സര്‍ നവാഫ് ബാമത്റത്ത്, ക്ളിക്കോണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ അഹമദ്, ഇബ്രാഹിം സുബ്ഹാന്‍, അബ്ദുള്ള വല്ലാഞ്ചിറ, മുസ്തഫ പാണ്ടിക്കാട്, ഷാജഹാന്‍ താജ്കോള്‍ഡ്, മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്, റഷീദ് ഖാസിമി, എന്‍ആര്‍കെ ഫോറം പ്രതിനിധി അഷ്റഫ് വടക്കേവിള, നവാസ്ഖാന്‍ പത്തനാപുരം, ഷാജഹാന്‍ എടക്കര, രാജന്‍ നിലമ്പൂര്‍, സക്കീര്‍ ധാനത്ത്, ജംഷാദ് തുവൂര്‍, സലാം തെന്നല, മുഹമ്മദാലി പെരിന്തല്‍മണ്ണ, മുഹമ്മദാലി (തമ്പി എടക്കര) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

രക്താര്‍ബുദ ബാധിതനായ പ്രവാസി ഗായകന്‍ മുജീബ് കോഴിക്കോട് ചികിത്സാ നിധിയിലേക്കുള്ള സഹായധനം ലിങ്ക് പെന്‍സ് പ്രതിനിധി മുസ്തഫയില്‍ നിന്ന് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഫിറോസ് നിലമ്പൂര്‍ ഏറ്റുവാങ്ങി. മിഅ നടത്തിയ ഏഴാമത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ട്രോഫിക്കുവേണ്ടിയുള്ള മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മിഅ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് നടത്തി. മൈലാഞ്ചിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗായിക ഹിബാ ബഷീറിന് മിഅയുടെ പ്രത്യേക പുരസ്കാരം ശിഹാബ് കൊട്ടുകാട് സമ്മാനിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഗായികമാരായ കീര്‍ത്തന, ഹിബ സലാം, അംറിന്‍, മുതാംസ്, ശീന്‍ഷാ ഷാജഹാന്‍, നുനു സുല്‍ത്താന എന്നിവര്‍ക്കും അവതാരക അശ്വതി ഷാജു, സല്‍മാന്‍ ഫാരിസ്, ഷാന ഷൌക്കത്ത് എന്നിവര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ സമ്മാനിച്ചു.

തുടര്‍ന്നു നടന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റിയാദിലെ പ്രവാസികള്‍ക്ക് നവ്യാനുഭൂതി നല്‍കി. റിയാദിന്റെ കലാകാരന്മാരുടെ സംഗീത സന്ധ്യയില്‍ ഷാജഹാന്‍ എടക്കര, സക്കീര്‍ മണ്ണാര്‍മല, ഷംസു കളക്കര, മുനീര്‍ കുനിയില്‍, ഷിജു കോശി, സുബൈര്‍ ഷാ, റംസി നാസര്‍, ഹിബ ബഷീര്‍, ഹിബ സലാം, ശിഫാ ഷൌക്കത്ത്, ലിന്‍സി ബേബി, അംറിന്‍ ആയിഷ, മുംതാസ് ഹസൈനാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ദേവിക നൃത്ത വിദ്യാലയം, പ്രണവ് നൃത്ത വേദി എന്നീ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ നൃത്ത-നൃത്യങ്ങള്‍ അവതരിപ്പിച്ചു. സ്റാര്‍ ടീം അവതരിപ്പിച്ച ഒപ്പന സദസിന്റെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. തുടര്‍ന്ന് മിഅ ടീം റിയാദിന്റെ 'മാഫി മുശ്കില്‍' എന്ന കോമഡി സ്കിറ്റ് അരങ്ങേറി. അശ്വതി ഷാജു അവതാരകരായിരുന്നു. അസ്ലം ജൂബിലി, അന്‍വര്‍ താമരത്ത്, അബൂട്ടി വെട്ടുപാറ, അമീര്‍ പട്ടണത്ത്, ഹാരിസ് ചോല, ടി.പി. മുഹമ്മഹ്, ഷാജി ചുങ്കത്തറ, ഷാഫി കൊടിഞ്ഞി, ജിഫിന്‍ അരീക്കോട്, ഷുക്കൂര്‍ താനൂര്‍, റിയാസ് വൈലത്തൂര്‍, സവാദ് വണ്ടൂര്‍, സഫ്വാന്‍ മഞ്ചേരി, ഗോകുല്‍ദാസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സക്കീര്‍ മണ്ണാര്‍മല സ്വാഗതവും അസൈനാര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍