സംഗമം സോക്കര്‍: ബവാസീര്‍ ഫാല്‍ക്കണ്‍സിനും സിറ്റി സ്ട്രൈക്കേഴ്സിനും വിജയം
Thursday, April 17, 2014 6:21 PM IST
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ പോയവാരത്തിലെ മത്സരത്തില്‍ ബവാസിര്‍ ഫാല്‍ക്കണ്‍സ് പാരഗണ്‍ ചാലഞ്ചേഴ്സിനെ ഒരു ഗോളിന് തോല്‍പ്പിച്ചു.

നിരവധി അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയപ്പോള്‍ അജിയുടെ ഗോളാണ് ബവാസിറിനെ വിജയത്തിലെത്തിച്ചത്. പ്രതികൂല കാലാവസ്ഥയിലും കാണികളുടെ ആവേശത്തില്‍ മതിമറന്ന കളിക്കാര്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. അജിയാണ് കളിയിലെ കേമന്‍. അബ്ദുള്‍ ജബാര്‍ സമ്മാനദാനം നിര്‍വഹിച്ചു.

രണ്ടാമത്തെ മത്സരത്തില്‍ അറേബ്യന്‍ ഈഗിള്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫൈബര്‍ടെക് സിറ്റി സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ അടുത്ത റൌണ്ടിലേക്ക് കടക്കാനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സ്ട്രൈക്കേഴ്സ് തങ്ങളുടെ മുഴുവന്‍ പോരാട്ടവീര്യവും പുറത്തെടുക്കുകയായിരുന്നു. സ്ട്രൈക്കേഴ്സിനുവേണ്ടി റിസ്വാന്‍, നദീം, ഷൈലൂക്ക് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഈഗിള്‍സിന്റെ ആശ്വാസഗോള്‍ ഷമീം നേടി. ഷൈലൂക്കാണ് മാന്‍ ഓഫ് ദ മാച്ച്.

ഖാലിദ്, കെ.വി കുഞ്ഞഹമ്മദ്, എം.എസ് റിയാസ്, കെ.വി അഷ്റഫ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. എസ്.എം ഹുസൈന്‍, ഇമ്പിച്ചിക്കോയ, മുസ്ലീര്‍ റംസി, ടി.പി യാക്കൂബ് എന്നിവര്‍ കളി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍