കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
Thursday, April 17, 2014 5:22 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.

ഏപ്രില്‍ പതിമൂന്ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളില്‍ നടന്ന ഓശാനയുടെകര്‍മങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷസ് ചാലിശേരി സിഎംഐ, ഫാ. ജോയ് ചെമ്പകശേരി ഒഎസ്ബി, ഫാ.മനോജ് (കപ്പൂച്ചിന്‍സഭാംഗം) എന്നിവര്‍ വിശ്വാസികള്‍ക്ക് നല്‍കി. കൊച്ചു കുട്ടികളെ സ്റേജില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയാണ് ഇഗ്നേഷ്യസച്ചന്‍ കുരുത്തോല നല്‍കിയത്. തുടര്‍ന്ന് ദാവീദിന്റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായിട്ടാണ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി ഇന്‍ഡ്യന്‍ സമൂഹം പ്രവേശിച്ചത്.

തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഇഗ്നേഷ്യസച്ചന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജോയി അച്ചനും മനോജ് അച്ചനും സഹകാര്‍മ്മികരായിരുന്നു. ഓശാനയുടെ പ്രാധാന്യത്തെ അധികരിച്ച് ഫാ.ജോയി സന്ദേശം നല്‍കി. കൊളോണ്‍ അതിരൂപതയെ പ്രതിനിധീകരിച്ച് അതിരൂപതാ വിദേശവിഭാഗം ഉപദേഷ്ടാവ് ഡീക്കന്‍ ഹാന്‍സ് ഗേര്‍ഡ് ഗ്രേവല്‍ഡിംഗ് കര്‍മ്മങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു. വര്‍ഗീസ് ശ്രാമ്പിക്കല്‍, ജിം, റിയാ വടക്കിനേത്ത്,ഡാനി ചാലായില്‍, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ തോമസ് അറമ്പന്‍കുടി, ഷീബാ കല്ലറയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷികളുമായിരുന്നു. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതല്‍ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബക്കൂട്ടായ്മകളെ ബന്ധിപ്പിച്ചു ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം നടന്നിരുന്നു.ഒഎസ്ബി സഭാംഗവും വയനാട് മക്കിയാട് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശേരിയും ടീമും ആണ് ധ്യാനചിന്തകള്‍ നല്‍കി ആത്മാഭിഷേകത്തിലൂടെ ദിവ്യകാരുണ്യത്തിന്റെ തേജസ് നിറച്ചത്

ധ്യാനത്തിന്റെ ദിവസങ്ങളില്‍ കമ്യൂണിറ്റിയെ വചനങ്ങളുടെ സമൃദ്ധിയിലൂടെ വലിയ ആഴ്ചയിലേയ്ക്ക് ഒരുക്കുവാന്‍ പ്രയത്നിച്ച ജോയി അച്ചനും ടീമിനും, സഹായിച്ചവര്‍ക്കും ആന്റണി സഖറിയാ നന്ദി പറഞ്ഞു.

ദിവ്യബലിയ്ക്കുശേഷം ഓശാനയുടെ സ്മൃതികളുണര്‍ത്തുന്ന കേരള ക്രൈസ്തവ പാരമ്പര്യ പ്രതീകമായ മധുരപലഹാരം, കൊഴുക്കട്ട എന്ന വിശേഷഭോജ്യം വിതരണം ചെയ്തു. ഓശാനയുടെ പരിപാടികള്‍ക്ക് കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ആന്റണി സഖറിയാ, ജോസഫ് കളപ്പുരയ്ക്കല്‍, സുനിത വിതയത്തില്‍, ഹാനോ തോമസ് മൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഏതാണ്ട് മുന്നൂറ്റിയന്‍പതോളം പേര്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍