ഫ്രണ്ട്സ് ക്രിയേഷന്‍സ് മുഖാമുഖം ശ്രദ്ധേയമായി
Thursday, April 17, 2014 3:54 AM IST
റിയാദ്: ശാസ്ത്രലോകം നമുക്ക് സമ്മാനിച്ച സാങ്കേതിക വിദ്യകള്‍ പുതിയ തലമുറക്ക് നിഷേധിക്കുന്നത് അവരുടെ പൌരാവാകാശത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം കുട്ടികള്‍ക്ക് നിഷേധിക്കുന്ന മാതാപിതാക്കള്‍ സ്വന്തം മക്കളെ കുറ്റവാളികളാക്കുകയാണെന്നും ഫ്രണ്ട്സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.

മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്‍ഡ്യയുടെ സഹകരണത്തോടെ റമദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഒമര്‍ ഉദ്ഘാടനം ചെയ്തു. കോച്ച് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അബ്ദുല്‍ലത്തീഫ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍, ഐ.ഐ.പി.എസ്, മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍, അല്‍ യാസ്മിന്‍ സ്കൂള്‍, യാര ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

വിദ്യാഭ്യാസരംഗത്ത് ഉയരങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളോടൊപ്പം മാതാപിതാക്കളും കൈകോര്‍ത്ത് പിടിക്കണമെന്നും മക്കളോട് ശത്രുതയോടെ പെരുമാറുന്നതിനു പകരം സൌഹൃദത്തിന്റെ ഊഷ്മളമായ ഗൃഹാന്തരീക്ഷം ഒരുക്കണമെന്നും പരിപാടിയില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.

ധാര്‍മിക മൂല്യങ്ങളിലും വ്യക്തിത്വവികസനത്തിലും ഊന്നി നില്‍ക്കാത്ത വിദ്യാഭ്യാസം വ്യര്‍ത്ഥമാണെന്നും നേരുകള്‍ക്കൊപ്പം നില്‍ക്കാന്‍ പുതിയ തലമുറ തയ്യാറാവണമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി. സി.ബി.എസ്.സി ഗള്‍ഫ് കൌണ്‍സില്‍ മുന്‍ ചെയര്‍മാന്‍ എം.സി. സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍, സമ്മര്‍ ഫീല്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ദാസ്, ഡോ. ജയചന്ദ്രന്‍, ഷക്കീല വഹാബ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

കോച്ച് ഇന്ത്യ ഡയറക്ടര്‍ എ.പി. നിയാസ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. പത്താംക്ളാസ് പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും നടന്നു.

ജലീല്‍ ആലപ്പുഴ, അര്‍ഷദ് മാച്ചേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സഫാ അബ്ദുല്‍ ഹക്കീം സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍