അഡ്വ.സജീവ് ജോസഫിന് രാജിവ്ഗാന്ധി പുരസ്കാരം
Wednesday, April 16, 2014 9:10 AM IST
ഡബ്ളിന്‍ :സാമൂഹ്യസേവനരംഗത്തു നടത്തിയ സുസ്ത്യര്‍ഹമായ സംഭാവനകളെ പരിഗണിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളാഘടകത്തില്‍ യൂണിറ്റ് മാനേജ്മെന്റ് സിസ്റം വിജയകരമായി നടപ്പാക്കി ചെറുപ്പത്തില്‍ തന്നെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ പ്രവര്‍ത്തന മികവും പരിഗണിച്ചും കെപിസിസി ജനറല്‍ സെക്രട്ടറിയും നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ ഗവേണിംഗ് ബോഡി ഡയറക്ടറുമായ അഡ്വ.സജീവ് ജോസഫിന് ഒഐസിസി ഏര്‍പ്പെടുത്തിയ രാജീവ്ഗാന്ധി പുരസ്കാരം ലൂക്കനില്‍ ചേര്‍ന്ന ചടങ്ങില്‍ അദ്ദേഹത്തിനു സമ്മാനിച്ചു. 10,001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

യൂറേഷ്യ ഹാളില്‍ ഡബ്ളിന്‍ മലയാളി സമൂഹം അഡ്വ. സജീവ് ജോസഫിന് നല്‍കിയ പൌരസ്വീകരണത്തിലാണ് രാജിവ് ഗാന്ധി അവാര്‍ഡ് സമര്‍പ്പണവും നടത്തപ്പെട്ടത്.

അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ധാരാളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഒഐസിസി പ്രസിഡന്റ് എം.എന്‍ ലിങ്ക്വിന്‍സ്റാര്‍ അധ്യക്ഷനായിരുന്നു. അഡ്വ.സിബി സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഉത്തരേന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഡോ.പൂരി, തോമസ് കെ. ജോസഫ്, രാജു കുന്നക്കാട്ട് (കേരള പ്രവാസി കോണ്‍ഗ്രസ്-എംചെയര്‍മാന്‍), മനോജ് ഡി. മാന്നാത്ത് (സോഷ്യല്‍ സെന്റര്‍ അയര്‍ലന്‍ഡ്), ജോര്‍ജ് കുര്യന്‍ വിളക്കുമാടം (അയര്‍ലന്‍ഡ് നോര്‍ത്ത്), ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ (ഡബ്ള്യുഎംസി), പിന്റോ റോയി, റെജി സി. ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും തന്നാലാവും വിധം പ്രയത്നിക്കുമെന്നു സജീവ് ജോസഫ് അയര്‍ലന്‍ഡിലെ പ്രവാസി സമൂഹത്തിന് ഉറപ്പു നല്‍കി. പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു പരിഹാരം നേടാന്‍ പ്രവാസി സമൂഹത്തിനൊപ്പം ശ്രമിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡില്‍ നിന്നും പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമുയര്‍ത്തി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച കൊച്ചുകലാകാരികളായ ശ്രേയ സുധീറിനും സപ്താ രാമനും ഡബ്ളിന്‍ മലയാളി സമൂഹം നല്‍കിയ പുരസ്കാരം യോഗത്തില്‍ അഡ്വ.സജീവ് ജോസഫ് സമ്മാനിച്ചു.

വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും പൌര സ്വീകരണത്തെ വര്‍ണാഭമാക്കി. ഒഐസിസി വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്യന്‍ സ്വാഗതവും റോണി കുരിശിങ്കല്‍ പറമ്പില്‍ നന്ദിയും പറഞ്ഞു. ബേബി പെരേപ്പാടന്‍ (മലയാളം), അനിത് എം. ചാക്കോ (ഡബ്ള്യൂഎംസി), ജോര്‍ജ് പുറപ്പത്താനം (സ്വാര്‍ഡ്സ് ക്രിക്കറ്റ് ക്ളബ്), ബാലചന്ദ്രന്‍ ആര്‍. പിള്ള, ബീംഗ്സ് പി.ബി, റോയി കുഞ്ചിലക്കാട്ട് തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.