സിഎസ്ഐആര്‍ പ്രതിനിധി സംഘം കുവൈറ്റില്‍
Wednesday, April 16, 2014 9:08 AM IST
കുവൈറ്റ് : ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) പ്രതിനിധി സംഘം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തി. ഇന്ത്യന്‍ സംഘാങ്ങള്‍ കുവൈറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് (കിസ്ര്) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

കുവൈറ്റും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച ഉടമ്പടിയുടെ ഭാഗമായാണ് സിഎസ്ഐആര്‍ സംഘത്തിന്റെ സന്ദര്‍ശനമെന്ന് കിസ്ര് ഡയറക്ടര്‍ ജനറല്‍ ഡോ. നാജി അല്‍ മുതൈരി പറഞ്ഞു. കുവൈറ്റ് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ സിഎസ്ഐആറും കിസ്റും തമ്മില്‍ ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആറിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 37 ലബോറട്ടറികളും 39 ഫീല്‍ഡ് സ്റ്റേഷനുകളുമുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍