ഡാളസ് സെന്റ് തോമസ് ചര്‍ച്ച് ഓവറോള്‍ ചാമ്പ്യന്മാരായി
Wednesday, April 16, 2014 9:05 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ സൌത്ത് വെസ്റ് ഭദ്രാസനത്തിലെ ഡാളസ് ഏരിയയില്‍ നടന്ന സണ്‍ഡേ സ്കൂള്‍ ടാലന്റ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ നേടിയ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒന്നാം സ്ഥാനത്തെത്തി വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

വ്യക്തിഗത പോയിന്റുകള്‍ കൂടുതല്‍ നേടിയതിനുള്ള സാമുവല്‍ എം. ജോര്‍ജ് എവര്‍ റോളിംഗ് ട്രോഫിയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ നിക്കോള്‍ കുര്യന് ലഭിച്ചു.

സെന്റ് തോമസ് ചര്‍ച്ചില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വിജയിച്ച സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് വികാരി ഫാ. ജേഷ് കെ. ജോണ്‍ മെഡലുകള്‍ സമ്മാനിക്കുകയും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിനോയ് ജോര്‍ജിനെയും മറ്റ് അധ്യാപകരേയും അനുമോദിക്കുകയും ചെയ്തു.

ഫാ. രാജേഷ് നല്‍കുന്ന പിന്തുണയ്ക്കും മാര്‍ഗദര്‍ശനത്തിനും ഷിനോയ് ജോര്‍ജ് നന്ദി പറഞ്ഞു.

ഫാര്‍മേഴ്സ് ബ്രാഞ്ചിലെ സെന്റ് മേരീസ് വലിയ പള്ളിയില്‍ നടന്ന ഡാളസ് ഏരിയ മത്സരങ്ങളില്‍ ഒമ്പത് ഓര്‍ത്തഡോക്സ് പള്ളികളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്