മെല്‍വിന്‍ തമ്പിക്ക് ഡാളസ് സമ്മര്‍ മ്യൂസിക്കല്‍ ബെസ്റ് ആക്ടര്‍ നോമിനേഷന്‍
Wednesday, April 16, 2014 9:04 AM IST
ഡാളസ് : ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന ഡാളസ് സമ്മര്‍ മ്യൂസിക്കല്‍ ബെസ്റ് ആക്ടര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ മെല്‍വിന്‍ തമ്പിക്ക് ലഭിച്ചു. നോര്‍ത്ത് ടെക്സസിലെ 57 ഹൈസ്ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒമ്പത് വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

ഡാളസ് ഫെയര്‍ പാര്‍ക്ക് മ്യൂസിക്ക് ഹാളില്‍ നടക്കുന്ന വര്‍ണോജ്വലമയ ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും. സമ്പൂര്‍ണ ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെയുള്ള മെല്‍വിന്റെ നാടക സംഗീതാവിഷ്ക്കരണം പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡബ്ള്യുഎഫ്എഎ ടെലിവിഷന്‍ ചാനല്‍ 8 ഏപ്രില്‍ 30-ന് രാത്രി ഏഴിന് പരിപാടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യും.

2009-ല്‍ കാലിഫോര്‍ണിയയില്‍ നടന്ന നാഷണല്‍ ജൂണിയര്‍ മ്യൂസിക്കല്‍ തീയേറ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മെല്‍വിന്‍ അമേരിക്കയിലെ നിരവധി സംഗീത മത്സരങ്ങളില്‍ വിജയം വരിച്ചിട്ടുണ്ട്.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകാംഗമായ പുന്നയ്ക്കാട് കാരംവേലി മേലേപറമ്പില്‍ തമ്പി ഏബ്രഹാമിന്റെയും മിനിയുടെയും മകനാണ് മെല്‍വിന്‍. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനിയായ ഷെറിന്‍ ഏക സഹോദരിയാണ്.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി