ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടേത് ഉറപ്പുള്ള വളര്‍ച്ച: ജര്‍മന്‍ ഉപചാന്‍സലര്‍
Wednesday, April 16, 2014 8:59 AM IST
ബര്‍ലിന്‍: യുക്രെയ്ന്‍ പ്രതിസന്ധി ആശങ്ക സൃഷ്ടിക്കുമ്പോള്‍ പോലും ജര്‍മന്‍ സമ്പദ് വ്യവസ്ഥ സ്വന്തമാക്കുന്നത് ഉറപ്പുള്ള വളര്‍ച്ച തന്നെയെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിശാലവും സുസ്ഥിരവുമാണ് വളര്‍ച്ചയെന്ന് ഉപചാന്‍സലറും ഊര്‍ജമന്ത്രിയുമായ സിഗ്മാര്‍ ഗബ്രിയേല്‍.

കഴിഞ്ഞ വര്‍ഷം 0.4 ശതമാനം മാത്രമായിരുന്ന ജിഡിപി വളര്‍ച്ച ഈ വര്‍ഷം 1.8 ശതമാനമായും അടുത്ത വര്‍ഷം രണ്ടു ശതമാനമായും വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. കയറ്റുമതിയാണ് ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന കരുത്തെന്ന് കരുതപ്പെടുമ്പോഴും, ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് പ്രധാന അടിസ്ഥാനം ആഭ്യന്തര ഡിമാന്‍ഡിലെ വര്‍ധനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് അടുത്ത വര്‍ഷത്തേക്ക് 1.7 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രവചിക്കുന്നത്. അടുത്ത വര്‍ഷം രണ്ടു ശതമാനത്തിന്റെയും. യൂറോപ്യന്‍ കമ്മീഷന്‍ ജര്‍മനിക്ക് ഈ വര്‍ഷം 1.8 ശതമാനത്തിന്റെയും അടുത്ത വര്‍ഷം രണ്ടു ശതമാനത്തിന്റെയും വളര്‍ച്ച പ്രവചിക്കുന്നു. ഈ കണക്കുകൂട്ടലുകള്‍ക്ക് അനുസൃതമാണ് ഗബ്രിയേലിന്റെയും പ്രവചനം.

ജര്‍മനി ഈ വര്‍ഷം 1.9 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും അടുത്ത വര്‍ഷം ഇത് രണ്ടു ശതമാനമാകുമെന്നും കഴിഞ്ഞ ആഴ്ച ജര്‍മനിയിലെ പ്രമുഖ ഇക്കണോമിക് തിങ്ക് ടാങ്കും വിലയിരുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍