മലയാളി തലനാരിഴക്ക് മയക്കുമരുന്ന് സംഘത്തിന്റെ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടു
Wednesday, April 16, 2014 8:47 AM IST
കുവൈറ്റ്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തട്ടിപ്പില്‍ നിന്നും മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കുവൈറ്റിലെ അബാസിയില്‍ താമസിക്കുന്ന കോഴിക്കോട് നടവന്നൂര്‍ സ്വദേശിയാണ് ഒന്നരക്കോടിയോളം വരുന്ന മയക്കുമരുന്ന് പായ്ക്കറ്റ് ലഗേജിന്റെ ഭാരം കൂടുതലായാതിനാല്‍ നാട്ടില്‍നിന്ന് കൊണ്ടുവരാതിരുന്നതിനെ തുടര്‍ന്ന് ജീവിതം തിരിച്ചുപിടിച്ചത്.

കുവൈറ്റില്‍ പോകുന്നതാണന്നറിഞ്ഞ് വടകര സ്വദേശിയായ ശ്രീജിത്തെന്ന യുവാവാണ് കുവൈറ്റിലെ തന്റെ സുഹൃത്തായ ഹാഷിമിനെ ഏല്‍പ്പിക്കുവാന്‍ വേണ്ടി ഫയലും പാന്റ്സും അടങ്ങുന്ന പായ്ക്കറ്റ് നല്‍കിയത്. കൊണ്ടുവരാനുള്ള ലഗേജ് അമിതമായതിനാല്‍ ഭാരം തോന്നിയ പായ്ക്കറ്റ് വീട്ടില്‍ തന്നെ വയ്ക്കുകയും ഫയല്‍ മാത്രം കൊണ്ടുവരികയായിരുന്നു. ആ സമയത്ത് പായ്ക്കറ്റ് വീട്ടില്‍ വച്ച് വരുവാന്‍ തോന്നിച്ച ദൈവത്തിന് ആയിരമായിരം നന്ദി പറയുകയാണ് നടവന്നൂര്‍ സ്വദേശി.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നടുവണ്ണൂര്‍ സ്വദേശി ശനിയാഴ്ച രാത്രിയാണ് കുവൈറ്റില്‍ വിമാനമിറങ്ങിയത്. പായ്ക്കറ്റ് നല്‍കുമ്പോള്‍ കുവൈറ്റിലെ നമ്പര്‍ നല്‍കിയ അദ്ദേഹത്തിന് ആദ്യമായി വിളിയെത്തിയതും ഫയലും പായ്ക്കറ്റും സ്വീകരിക്കാനെത്തിയവരില്‍ നിന്നായിരുന്നു. ലഗേജ് അമിതമായതിനാല്‍ പായ്ക്കറ്റ് കൊണ്ടുവരുവാന്‍ സാധിച്ചില്ലെന്നും ഫയല്‍ മാത്രമാണ് കൊണ്ടുവന്നതെന്ന് അറിയിച്ചെങ്കിലും അതില്‍ ശ്രദ്ധിക്കാതിരുന്ന ഇയാള്‍ സംഭാഷണം അവസാനിപ്പികുകയുമായിരുന്നു. പിറ്റേന്ന് രാവിലെ നടവന്നൂര്‍ സ്വദേശിയെ തൃശൂര്‍ സ്വദേശിയായ ഗഫൂര്‍ വീണ്ടും വിളിക്കുകയും കൊണ്ടുവരാതിരുന്ന പായ്ക്കറ്റ് അത്യാവശ്യമായി ഇവിടെ എത്തിക്കേണ്ടതാണെന്നും നാട്ടില്‍ നിന്നും മറ്റെരാള്‍ വരുന്നതിനാല്‍ വീട്ടിലെ ടെലഫോണ്‍ നമ്പര്‍ തരികയാണെങ്കില്‍ ആളെ വിടാമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിതാവിന്റെ നമ്പര്‍ നല്‍കുകയായിരുന്നു. കൊണ്ടുവന്ന ഫയല്‍ പിന്നെ വന്ന് വാങ്ങിച്ചോളാമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയ നടുവണ്ണൂര്‍ സ്വദേശിയും സുഹൃത്തും അതിലെ നമ്പരില്‍ വിളിച്ചുനോക്കി. ഇടുക്കി സ്വദേശിയുടെ പേരിലുള്ള ബയോഡാറ്റയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മലപ്പുറത്തെ യുവതി. തനിക്ക് ഈ ബയോഡാറ്റയുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി പറഞ്ഞതോടെ ഇവരുടെ സംശയം ബലപ്പെട്ടു. ഉടന്‍ നാട്ടിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട നടുവണ്ണൂര്‍ സ്വദേശി പായ്ക്കറ്റ് വാങ്ങാന്‍ ആളത്തുെംമുമ്പ് അത് തുറന്നുനോക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ ജീന്‍സുകളുടെ പോക്കറ്റില്‍ ഒളിപ്പിച്ച വെളുത്ത പൊടിയാണ് കണ്ടത്. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇരുചക്രവഹാനത്തില്‍ പായ്ക്കറ്റ് വാങ്ങാന്‍ രണ്ടുപേര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. എന്നാല്‍, പോലീസ് എത്തുമ്പോഴേക്കും ഒരാള്‍ രക്ഷപ്പെട്ടുകളഞ്ഞു. നാട്ടില്‍ ഇവര്‍ പിടിയിലായതറിഞ്ഞ് ശ്രീജിത്തിനെ ബന്ധപ്പെട്ടപ്പോള്‍ പായ്ക്കറ്റിലുള്ളത് എന്താണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കുവൈറ്റിലുള്ള ഹാഷിം എന്നയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പായ്ക്കറ്റ് കൊണ്ടുവരാന്‍ പറഞ്ഞതെന്നുമായിരുന്നു മറുപടി.

പാക്കറ്റ് കൊണ്ടുവന്നിരുന്നുവെങ്കില്‍ താന്‍ കോഴിക്കോട് വിമാനത്താവളത്തിലോ കുവൈറ്റ് വിമാനത്താവളത്തിലോ വച്ച് പിടിക്കപ്പെടുമായിരുന്നുവെന്ന് നടുവണ്ണൂര്‍ സ്വദേശി ഞെട്ടലോടെ പറയുന്നു. നാട്ടില്‍ പായ്ക്കറ്റ് തന്നവരെയും ഇവിടെ വാങ്ങുമെന്ന് അറിയിച്ചയാളെയും തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. എന്നാല്‍, കുവൈറ്റിലുള്ള തന്റെ അടുത്ത സുഹൃത്തിനെ പരിചയമുണ്െടന്ന് പറഞ്ഞപ്പോള്‍ അവിശ്വാസം തോന്നിയുമില്ല. എന്നാല്‍, കുവൈറ്റിലെത്തിയശേഷം ഈ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് ഇരുകൂട്ടരെയും തനിക്ക് പരിചയമില്ലെന്ന് ഇയാള്‍ വ്യക്തമാക്കിയത്. തങ്ങളെ രണ്ടുപേരെയും ഏതെങ്കിലും നിലക്ക് പരിചയമുള്ളയാളുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായി നടുവണ്ണൂര്‍ സ്വദേശി പറഞ്ഞു. വിദേശത്തേക്ക് സാധനങ്ങള്‍ കൊടുത്തുവിടാനെന്ന വ്യാജേന മറ്റുള്ളവരുടെ ലഗേജ് വഴി മയക്കുമരുന്ന് കടത്തുന്ന രീതി ഏറക്കാലമായുണ്ട്. പല നിരപരാധികളും ഇങ്ങനെ പിടിക്കപ്പെടുകയും കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നുമുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍