ജര്‍മനിയുടെ ഹൈടെക് മേഖലയെ കയറ്റുമതിക്ക് ഗുണം ചെയ്യുന്നത് ഉയര്‍ന്ന ഇന്ധനക്ഷമത
Wednesday, April 16, 2014 4:05 AM IST
ബര്‍ലിന്‍: ജര്‍മന്‍ കയറ്റുമതി മേഖലയുടെ വന്‍ വളര്‍ച്ച കണ്ട് വായ പൊളിച്ചു നില്‍ക്കുന്നവര്‍ പോലും ശ്രദ്ധിക്കാത്ത ഒരു ഘടകമാണ് ഉയര്‍ന്ന ഇന്ധന ക്ഷമത ആ രാജ്യത്തെ ഹൈ ടെക് മേഖലയില്‍നിന്നുള്ള കയറ്റുമതിക്കു നല്‍കുന്ന മുന്‍തൂക്കം. പാരമ്പര്യേതര ഊര്‍ജത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം വഴി ഇത് കൂടുതല്‍ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് ജര്‍മനി.

എനര്‍ജിവെന്‍ഡെ(ഊര്‍ജ്ജഭിത്തി/പാളികള്‍) എന്ന പേരിലാണ്, പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍ക്കും ആണവ നിലയങ്ങള്‍ക്കും പകരം പ്രകൃതിയ്ക്ക് ദോഷം വരാത്ത പാരമ്പര്യേതര ഊര്‍ജത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം ജര്‍മനി വിഭാവനം ചെയ്യുന്നത്. ഇതു കയറ്റുമതി മേഖലയ്ക്ക് മറ്റൊരു സൂപ്പര്‍ ഹിറ്റ് സമ്മാനിക്കുമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ കല്‍ക്കരി നിലയങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ജര്‍മനിക്ക് ഹരിതോര്‍ജ മേഖലയില്‍ വലിയ കാല്‍വയ്പ്പുകള്‍ നടത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് വിദേശികള്‍ക്കു തോന്നാം. എന്നാല്‍, രാജ്യത്തിനുള്ളിലെ വ്യവസായികളെ സംബന്ധിച്ചിടത്തോളം ശരിയായ ദിശയില്‍ രാജ്യം നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളും ഉപകരണങ്ങളും സംവിധാനങ്ങളുമെല്ലാം ഇന്ന് ജര്‍മന്‍ കമ്പനികളുടേതാണെന്ന് ലോക തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇതിനൊപ്പം, ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം കൂടിയാകുന്നതോടെ കയറ്റുമതി മേഖലയില്‍ വന്‍ കുതിപ്പ് തന്നെ രാജ്യത്തിനു നടത്താന്‍ സാധിക്കുമെന്നും പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍