കൊളോണ്‍ കേരള സമാജം റൈന്‍നദി ടണല്‍ സന്ദര്‍ശനം ഏപ്രില്‍ 23 ന്
Wednesday, April 16, 2014 4:04 AM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ജലഗതാഗത പാതയായ പ്രസിദ്ധമായ ജര്‍മനിയിലെ റൈന്‍നദിയുടെ അടിയില്‍ക്കൂടി നദിയുടെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന റൈന്‍ ടണല്‍ സന്ദര്‍ശനം ഏപ്രില്‍ 23(ബുധന്‍) നടക്കും. കൊളോണ്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടണല്‍ സന്ദര്‍ശനം ബുധന്‍ ഉച്ചയ്ക്ക് 12.24 ന് ആരംഭിയ്ക്കും. മൂന്നു മണിക്കൂര്‍ സമയദൈര്‍ഘ്യമാണ് സന്ദര്‍ശനത്തിന് ലഭിയ്ക്കുന്നത്. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റൈന്‍ നദിയുടെ വീതി. റൈന്‍ നദിയുടെ വലതു ഭാഗത്തു നിന്നും നദിയുടെ അടിയില്‍ക്കൂടി ഇടതു ഭാഗത്തേയ്ക്ക് നടന്ന് പ്രസിദ്ധമായ കൊളോണ്‍ ഡോം കത്തീഡ്രലിന്റെ അടിവാരത്തിലുടെയാണ് സന്ദര്‍ശകര്‍ പുറത്തേയ്ക്കു വരുന്നത്. ഭീമന്‍ കപ്പലുകള്‍ ഈ ടണലിന്റെ മുകള്‍ഭാഗത്തുകൂടിയാണ് സഞ്ചരിയ്ക്കുന്നത്.

റൈന്‍ ടണല്‍ സന്ദര്‍ശനം നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ 20 ന് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സമാജം കമ്മറ്റി അഭ്യര്‍ത്ഥിയ്ക്കുന്നു. സന്ദര്‍ശനം പൂര്‍ണ്ണമായും സൌജന്യമായിരിയ്ക്കും.

31 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സമാജത്തിന്റെ ഭരണസമിതിയംഗങ്ങള്‍ ഷീബാ കല്ലറയ്ക്കല്‍, പോള്‍ ചിറയത്ത്, ജോസ് കുമ്പിളുവേലില്‍, സെബാസ്റ്യന്‍ കോയിക്കര, ബേബിച്ചന്‍ കലേത്തുംമുറിയില്‍ എന്നിവരും ജോസ് നെടുങ്ങാട്, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ഓഡിറ്റേഴ്സുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി(പ്രസിഡന്റ്) 02232 34444,ഡേവീസ് വടക്കുംചേറി(ജനറല്‍ സെക്രട്ടറി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍