ഡാളസ് ഹിന്ദു സൊസൈറ്റി വിഷു ആഘോഷിച്ചു
Wednesday, April 16, 2014 4:04 AM IST
കരോള്‍ട്ടണ്‍: ഡാളസിലെ ഹിന്ദു സൊസൈറ്റി ഏപ്രില്‍ 12-ന് ശനിയാഴ്ച കരോള്‍ട്ടണില്‍ വിഷു ആഘോഷിച്ചു. കരോള്‍ട്ടണ്‍ സിറ്റിയില്‍ കെഎച്ച്എസ് നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി ദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമ്പദ്സമൃദ്ധിയുടെ പ്രതീകമായ കാര്‍ഷിക ഉത്പന്നങ്ങള്‍ ശ്രീഗുരുവായൂരപ്പന് മുന്നില്‍ കാണിക്കപ്പെട്ടത് കണ്‍കുളിര്‍ക്കെ കണ്ട് ഭക്തര്‍ സായൂജ്യമടഞ്ഞു. കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായര്‍ സ്വാഗതവും ഐശ്വര്യപൂര്‍ണ്ണമായ നവവത്സരവും നേര്‍ന്നു.

ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത ഒട്ടും ചോര്‍ന്നുപോകാതെ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ കെഎച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്െടന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷംകൊണ്ട് സാധിച്ച ക്ഷേത്ര നിര്‍മ്മാണ പുരോഗതി കെ.എച്ച്.എസ് ട്രസ്റി ചെയര്‍ വിലാസ് കുമാര്‍ സദസുമായി പങ്കുവെച്ചു. അനേകം കലാകാരന്മാര്‍ അണിനിരന്ന സംഗീത നൃത്തനൃത്യങ്ങള്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കെഎച്ച്എസ് ചെണ്ട ടീം അംഗങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം വ്യത്യസ്ത അനുഭവമായിരുന്നു. ത്രിവേണി ഫുഡ് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ചടങ്ങുകള്‍ സമാപിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍