ക്ളോണിംഗിലൂടെ ബ്രിട്ടനില്‍ ആദ്യ നായക്കുട്ടി പിറന്നു
Monday, April 14, 2014 8:21 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ ക്ളോണിംഗിലൂടെ ആദ്യത്തെ നായക്കുട്ടി പിറന്നു. റബേക്ക സ്മിത്ത് എന്ന ഇരുപത്തൊമ്പതുകാരിയുടെ 12 വയസുള്ള വളര്‍ത്തുനായ വിന്നിയില്‍നിന്നാണ് മിനി വിന്നിയെ ക്ളോണ്‍ ചെയ്തെടുത്തിരിക്കുന്നത്.

മത്സരത്തില്‍ ജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റബേക്കയും വിന്നിയും ക്ളോണിംഗിന് അര്‍ഹത നേടിയത്. സിയോളില്‍ മാര്‍ച്ച് മുപ്പതിനായിരുന്നു മിനി വിന്നിയുടെ ജനനം. അറുപതിനായിരം പൌണ്ട് ചെലവ് വരുന്ന ക്ളോണിംഗ്, മത്സര ജേതാക്കളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പൂര്‍ണമായും സൌജന്യമായാണ് ചെയ്തുകൊടുക്കുന്നത്.

റബേക്കയുടെയും വിന്നിയുടെ വിജയഗാഥ ഇനി ചാനല്‍ 4 സംപ്രേഷണം ചെയ്യും. 2005ലാണ് ലോകത്താദ്യമായി ഒരു നായ ക്ളോണ്‍ ചെയ്യപ്പെടുന്നത്, സിയോളില്‍ തന്നെയായിരുന്നു അതും.

1996ലാണ് ആദ്യമായൊരു സസ്തിനിയെ ക്ളോണ്‍ ചെയ്ത് നിര്‍മിക്കുന്നത്. ഡോളി എന്ന ആട്ടിന്‍കുട്ടി അന്നു ജനിച്ചത് സ്കോട്ട്ലന്‍ഡില്‍. പിന്നീട് ഈ സാങ്കേതികവിദ്യയ്ക്ക് ബ്രിട്ടന്‍ അടക്കമുള്ള ലോക രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍