ഇത്തിരി നേരം ഒത്തിരി വിശേഷം; മലര്‍വാടി മുന്നൊരുക്കം ശ്രദ്ധേയമായി
Monday, April 14, 2014 8:18 AM IST
ജിദ്ദ: 'ഇത്തിരി നേരം ഒത്തിരി വിശേഷം' എന്ന തലക്കെട്ടില്‍ മലര്‍വാടി ജിദ്ദ സൌത്ത് സോണ്‍ സംഘടിപ്പിച്ച മുന്നൊരുക്കം കുട്ടികളുടെ സംഗമം വൈവിധ്യമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. സംഗമം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബാസ് ഉദ്ഘാടനം ചെയ്തു. പരിശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. തനിമ ജിദ്ദ സൌത്ത് സോണ്‍ വൈസ് പ്രസിഡന്റ് മഹബൂബ് അലി പത്തപ്പിരിയം അധ്യക്ഷത വഹിച്ചു.

വൈകുന്നേരം വിവിധ ഗെയിംസ് മത്സരങ്ങളുമായി ആരംഭിച്ച സംഗമത്തില്‍ നൂറു കണക്കിന് കുട്ടികളാണ് പങ്കെടുത്തത്. പുതിയ അധ്യയന വര്‍ഷത്തെ ആസ്പദമാക്കി ഹൈദര്‍ അലി പടിഞ്ഞാറ്റുംമുറി കുട്ടികളോട് സംവദിച്ചു. തുടര്‍ന്ന് മലര്‍വാടി ബാലസംഘത്തിന്റെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച വ്യത്യസ്ത പരിപാടികള്‍ സദസ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന അപരിഷ്കൃത സമൂഹത്തിന്റെ നേര്‍പതിപ്പായ ഭ്രൂണഹത്യയെന്ന മഹാവിപത്തിന്റെ ഭീകരത തുറന്നുകാണിച്ചും, വര്‍ത്തമാന കാലത്ത് പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടുക്കാന്‍ സമൂഹം ജാഗ്രവത്താവണം എന്ന സന്ദേശവുമായി റഹ്മത്ത് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച സംഗീത നാടകം, ഫിദ റസാഖ് ചിട്ടപ്പെടുത്തിയ വെല്‍ക്കം ഡാന്‍സ്, റുസൈബ റാഫി അണിയിച്ചൊരുക്കിയ ദഫ്മുട്ട്, റസീന അന്‍വര്‍, ഫസീല ടീച്ചര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ കോല്‍കളി, ഒപ്പന, മൈമിംഗ്, സംഘഗാനങ്ങള്‍ തുടങ്ങിയവ അവതരണ ഭംഗികൊണ്ടു ഏറ്റവും മികച്ച നിലവാരം പുലര്‍ത്തി. ബിസിനസ് സംരംഭകനും മജീഷ്യനുമായ വി. കെ. അബ്ദുസമദ് അവതരിപ്പിച്ച മാജിക് പരിശീലനവും പ്രദര്‍ശനവും കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

ഗഫൂര്‍ മഞ്ചേരി,സലാം പാറയില്‍, ഹാഷിം താഹ, അഷ്റഫ് എന്‍.കെ, സൈനുല്‍ ആബിദ്, സുബൈദ മുഹമ്മദ് കുട്ടി, ഹഫ്സ ഉമര്‍, റുഖ്സാന മൂസ, ഷീജ അബ്ദുള്‍ ബാരി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മലര്‍വാടി കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് സ്വാഗതവും റസാഖ് കക്കോടി നന്ദിയും പറഞ്ഞു. ഷഹീന്‍ സുബൈര്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍