മുഹമ്മദ് അയൂബ് ഫ്രട്ടേണിറ്റി ഫോറം ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനായി
Monday, April 14, 2014 8:18 AM IST
ജിദ്ദ: ഒമ്പതു വര്‍ഷം നീണ്ട ജയില്‍ വാസത്തിനു ശേഷം ദക്ഷിണ കര്‍ണാടക ജില്ലയിലെ മുഹമ്മദ് അയ്യൂബ് കണ്ണൂര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. നാലു വര്‍ഷത്തോളം ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മുഹമ്മദ് അയൂബ് ജയില്‍ മോചിതനായി നാട്ടിലെത്തിയത്. അയൂബിനും മറ്റു ഏഴുപേര്‍ക്കും സൌദി ടെലികോം കമ്പനി (എസ്ടിസി) ചുമത്തിയ വന്‍തുക പിഴ ഒടുക്കാന്‍ കഴിയാത്തതാണ് ഇവരുടെ മോചനം നീളാന്‍ കാരണമായത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ മറ്റൊരു ഇന്ത്യക്കാരന്‍ അനധികൃതമായി നാട്ടിലേക്കു വിളിക്കാനുള്ള ടെലഫോണ്‍ കേന്ദ്രം നടത്തിയിരുന്നു. എസ്ടിസിയുടെ ടെലഫോണ്‍ ദുരുപയോഗം ചെയ്താണ് ഇയാള്‍ ടെലഫോണ്‍ കേന്ദ്രം നടത്തിയിരുന്നത്. പിടിക്കപ്പെട്ടവര്‍ പുതുതായി സൌദിയിലേക്ക് വന്നവരും ടെലഫോണ്‍ നടത്തിപ്പിനെകുറിച്ച് അറിവില്ലാത്തവരായതിനാല്‍ ഇവരെ കുടുക്കി എളുപ്പം രക്ഷപ്പെടാന്‍ ഇന്ത്യക്കാരനു സാധിച്ചു.

കഴിഞ്ഞ ദിവസം മോചിതനായ അയൂബിന്റെ പേരില്‍ വന്‍തുകയാണ് ചുമത്തിയിരുന്നത്. ഇത്രയും വലിയ തുക അടയ്ക്കാന്‍ നിര്‍ധന കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അയൂബ് ജയിലിലായതോടെ കുടുംബം പ്രതിസന്ധിയിലായി. ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ മനസിലാക്കി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേസ് സംബന്ധമായ വിഷയത്തില്‍ സഹായിക്കാന്‍ അഷ്റഫ് ബജ്പെ, അഷ്റഫ് മൊറയൂര്‍, മുദ്ദസിര്‍ അക്കരങ്ങാടി, ഹാരിസ് ഗുഡിനബാലി, ഹുസൈന്‍ ജോക്കട്ട എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും വിഷയം കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സമീപനമാണ് ഉണ്ടായതെന്ന് ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നു നടത്തിയ ശ്രമഫലമായി എസ്ടിസി പിഴതുക കുറയ്ക്കാന്‍ തയാറായി. കൂടെ സുമനസുകളുടെ സഹായവും ഉണ്ടായതോടെയാണ് അയ്യൂബ് ജയില്‍ മോചിതനായത്. മോചനം വേഗത്തിലാക്കാന്‍ സ്വദേശി പൌരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചിരുന്നു. അയൂബിന്റെ മോചനത്തിനായി നാട്ടില്‍ നിന്നും ബന്ധുക്കള്‍ വിദേശകാര്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കരവലി വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ്, കാറ്റിപ്പള്ള മുസ്ലിം യൂത്ത് അസോസിയേഷന്‍ എന്നിവരും സഹായിക്കാനുണ്ടായിരുന്നു.

ജയിലിലുള്ള മറ്റു ഏഴുപേരുടെ മോചനത്തിനു കൂടിയുള്ള ശ്രമത്തിലാണ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകര്‍. ഇവരുടെ മേല്‍ ചുമത്തിയ പിഴ ഭാരിച്ച തുകയായതിനാല്‍ അതുകണ്െടത്തുന്നതിനു സുമനസുകളുടെ സഹായത്തിനു കാത്തിരിക്കുകയാണ്.

താല്‍പര്യമുള്ളവര്‍ മുദ്ദസര്‍ (0500992139), അഷ്റഫ് (0593101416) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍