ഉള്‍ക്കാഴ്ചകളും ബോധ്യങ്ങളും ദൈവോന്മുഖവും പരോന്മുഖവുമാകട്ടെ
Monday, April 14, 2014 8:10 AM IST
മഹത്വത്തിന്റെ പാത / റവ. ഡോ. ജോസ് മുരിക്കന്‍ (ഒ.പ്രേം വികാരി, സെന്റ് നോര്‍ബര്‍ട്ട് ചര്‍ച്ച് കസവനഹള്ളി)

ഇന്ന് ഓശാന ഞായര്‍. കത്തോലിക്കാ വിശ്വാസത്തിന്റെ ആണിക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒരുപിടി സംഭവങ്ങളുടെ അനുസ്മരണം ആരംഭിക്കുകയാണ്. ഓശാന പാടലില്‍ തുടങ്ങി ഉത്ഥാനത്തിന്റെ സമാധാനത്തിലേക്കു ലോകജനതയെ ക്ഷണിക്കുന്ന പ്രാര്‍ഥനാഗീതങ്ങള്‍ ഉരുവിടുന്ന വിശുദ്ധ വാരം. പ്രവാസി മലയാളികളുടെ ജീവിതരീതികളും ആധുനികതയും നമ്മുടെ കാഴ്ചപ്പാടുകളെഎത്രമാത്രം സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാനുള്ള ഒരവസരം. നമ്മുടെ ജീവിതത്തെ എങ്ങനെയാണ് നാം സമീപിക്കുന്നത്. നമ്മുടെ ഉള്‍ക്കാഴ്ചകളും ബോധ്യവും ദൈവോന്മുഖവും പരോന്മുഖവും ആകുന്നുണ്േടാ.

സിറ്റി സംസ്കാരവും ആധുനികതയും ഒത്തിരിയേറെ സംഭാവനകള്‍ മനുഷ്യപുരോഗതിക്കായി നല്‍കുന്നുണ്െടങ്കിലും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നമുക്കു വിസ്മരിക്കാന്‍ സാധിക്കുമോ. ആവില്ല എന്നാണ് എനിക്കു തോന്നുക. ചില ഉദാഹരണങ്ങള്‍ നോക്കാം. എല്ലാം പെട്ടെന്നു നടക്കണമെന്നുള്ള പിടിവാശി. പ്രത്യേകിച്ചും ഇതു വ്യക്തിബന്ധത്തിലേക്കു കടന്നുവന്നാലോ ഒരു മുറിവ് ഉണ്ടായാല്‍ അത് ഉണങ്ങാന്‍ സമയം വേണ്േട. കാത്തിരുന്നുകൂടെ. കഷ്ടത, സഹനം, ത്യാഗം, തോറ്റുകൊടുക്കല്‍ ഇവയൊക്കെ ഭീരുക്കള്‍ക്കു പറഞ്ഞിട്ടുള്ളതാണെന്ന തരത്തിലുള്ള ചിന്ത. സ്വന്തം കാര്യസാധ്യത്തിനായി എന്തുമാകാം എന്നുള്ള കാഴ്ചപ്പാട്. ചെറുപ്രായത്തില്‍ തന്നെ പെട്ടെന്നു കൈയില്‍ വന്നുചേരുന്ന പണം- അതിന്റെ ഉപയോഗം. എന്റെ-നിന്റെ എന്നുള്ള വേര്‍തിരിവ്. നമ്മുടെ എന്നുള്ളത് അന്യം വന്ന അവസ്ഥ. ഈ മേഖലകളിലൊക്കെ നമുക്കൊരു മാറ്റം അനിവാര്യമല്ലേ. ഈ വിശുദ്ധ വാരത്തില്‍ അതിനു നമ്മെ സഹായിക്കുന്ന അനുകരണീയ മാതൃകകളെ നമുക്കു മറക്കാതിരിക്കാം. അവരുടെ ജീവിതം നമുക്കു നല്‍കുന്ന സന്ദേശമെന്താണ്.

യേശു: ഒന്നാമതായി ജീവിതയാത്രയില്‍ ഉത്ഥാനത്തിന്റെ സന്തോഷവും സമാധാനവും അനുഭവിക്കണമെങ്കില്‍ ഓശാന പാടലുകളില്‍ മതിമറക്കാതെ പീഡകളെ ഉള്‍ക്കൊണ്ട് വീഴ്ചകളില്‍ പതറാതെ മുന്നോട്ടുപോകാന്‍ സാധിക്കണം. യാത്രയില്‍ നാം ഏകരല്ല എന്നോര്‍ക്കുക. അവശ്യനേരത്തു കരുണയുടെ കരങ്ങള്‍ തേടിയെത്തും. രണ്ടാമതായി മുറിച്ചുകൊടുക്കാന്‍ തയാറാവുക. എന്നാല്‍ മറക്കാതിരിക്കാം - മുറിക്കുമ്പോള്‍ വേദനയുണ്ട്. പക്ഷെ, അതു സന്തോഷവും സംതൃപ്തിയും നല്‍കും. മൂന്നാമതായി, പാദം കഴുകണം. പരസ്പരമുള്ള ശുശ്രൂഷ നമ്മുടെ കുടുംബജീവിതത്തിന്റേയും വ്യക്തിത്വത്തിന്റേയും മുഖമുദ്രയാകണം.

മകനെ അനുധാവനം ചെയ്യുന്ന അമ്മ: ജീവിത പങ്കാളിയുടെ, മാതാപിതാക്കളുടെ, മക്കളുടെ, കൂടപ്പിറപ്പുകളുടെ വിജയപരാജയങ്ങളില്‍ കൂടെ ആയിരിക്കുക. കുടുംബബന്ധത്തില്‍ ലാഭനഷ്ട കണക്കില്ല. കടമകളും ഉത്തരവാദിത്വവും മാത്രം. ഇതു നമുക്കു മറക്കാതിരിക്കാം. കൂടെ ഉണ്ടാകുമെന്നു കരുതിയവര്‍ കൂടെയില്ലായിരുന്നുവെന്ന തിരിച്ചറിയല്‍ വേദനാജനകമാണ്. ഭയാനകമാണ്. വ്യക്തിത്വവും മാനവും കാക്കുവാന്‍ കടപ്പെട്ടവര്‍ കാണിക്കുന്ന ഉദാസീനതാ തിരക്കിലാണ് നീ എന്താണെന്നാല്‍ കാണിക്ക് എന്ന രീതിയിലുള്ള അലംഭാവം. കൃത്യസമയത്ത് സാരമില്ല ഞാന്‍ കൂടെയില്ലേ എന്നൊരു വാക്ക് കേള്‍ക്കാന്‍ കൊതിച്ച നിമിഷങ്ങള്‍. ഇവയെല്ലാം നമ്മുടെ ജീവിതത്തില്‍ അനുധാവനത്തിന്റെ ആധ്യാത്മികതയുടെ ഭാഗമാകട്ടെ.

വേറോനിക്ക: പ്രിയപ്പെട്ടവരുടെ വികാര വിചാരങ്ങള്‍ ഒപ്പിയെടുക്കാന്‍ സാധിച്ചാല്‍ ജീവിതം ധന്യമാകില്ലേ. നിരാശയുടെ, തകര്‍ച്ചയുടെ, പരാജയത്തിന്റെ ആത്മബലക്കുറവിന്റെ നിമിഷങ്ങളില്‍ ഞാന്‍ സ്നേഹിക്കുന്നവരുടെ എന്നെ സ്നേഹിക്കുന്നവരുടെ കണ്ണീര്‍ക്കണങ്ങള്‍ കണ്ടില്ലെന്നു നടിക്കാതിരിക്കാം.

ശിമയോന്‍: സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്താഗതി പ്രബലമായ ഈ കാലഘട്ടത്തില്‍ ശിമയോന്‍ നമുക്കൊരു മാതൃകയാകട്ടെ- മറ്റുള്ളവരെ കണ്ടറിഞ്ഞു സഹായിക്കാന്‍ വേറെ എങ്ങും പോകേണ്ടതില്ല. സഹായിക്കാന്‍ -അര്‍ഹിക്കുന്നവര്‍ വീട്ടില്‍ തന്നെ ഉണ്െടന്ന കാര്യം മറക്കാതിരിക്കാം. ഒരല്‍പ്പം സമയം, ഒരിറ്റു പരിഗണന, തക്കസമയത്ത് ഒരു പ്രോത്സാഹന വാക്ക്, അര്‍ഹിക്കുന്ന ഒരു അംഗീകാരം. ഇവയൊക്കെ എന്റെ കാഴ്ചപ്പാടുകളേയും ബോധ്യങ്ങളേയും പാകപ്പെടുത്തി ദൈവോന്മുഖവും പരോന്മുഖവും ആക്കിയിരുന്നുവെങ്കില്‍...