ആര്‍ച്ച്ബിഷപ്പിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍
Monday, April 14, 2014 8:09 AM IST
ബാംഗളൂര്‍: സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായിരുന്ന ഫാ.കെ.ജെ.തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസ് സ്വീകരിച്ച നിലപാടുകള്‍ക്കു പിന്തുണയുമായി വിവിധ സംഘടനാനേതാക്കള്‍ രംഗത്തെത്തി സംയുക്ത പത്രക്കുറിപ്പിറക്കി. അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ഏബ്രഹാം ടി.ജെ, ആര്‍കെസിഡബ്യുഎ ഭാരവാഹികളായ എഡ്വിന്‍ ഡിസൂസ, ഡോള്‍ഫി ഡികുഞ്ഞ, റിച്ചാര്‍ഡ് ഡിസൂസ, കാത്തലിക് മൈനോറിറ്റീസ് അസോസിയേഷന്‍ നേതാവ് ജോണ്‍സണ്‍ എന്നിവരാണ്പത്രക്കുറിപ്പിറക്കിയത്.

വൈകിയാണെങ്കിലും ഫാ.കെ.ജെ.തോമസിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെ അറസ്റ് ചെയ്ത പോലീസിനെ അഭിനന്ദിക്കുന്നു. കുറ്റാരോപിതരായ വൈദികരെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക കന്നഡ പ്രീസ്റ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരില്‍ ഒരു വിഭാഗം വൈദികര്‍ പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്.

ആര്‍ച്ച്ബിഷപ്പിന്റെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് രണ്ടു വൈദികരെ അറസ്റ് ചെയ്തതെന്ന ഇവരുടെ പ്രസ്താവനയെ അപലപിക്കുന്നു. മാര്‍ച്ച് 22ന് നടത്തിയ പത്രസമ്മേളനത്തില്‍ 15 വൈദികരും ഒരു കന്യാസ്ത്രീയുമാണ് പങ്കെടുത്തത്. ഇവരില്‍ പ്രമുഖര്‍ ചാമരാജപേട്ട് സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ.സകാള്‍ക്കെരെ ചൌരപ്പ സെല്‍വരാജ്, ജാര്‍ഹാനഹള്ളി ക്രിസ്ത കരുണാലയ ദേവാലയ വികാരിയും മരിയാപുരയില്‍ കാര്‍മല്‍ സേവ സംഘം ട്രസ്റ് നടത്തുന്ന ക്രൈസ്റ് സ്കൂളിന്റെ പ്രിന്‍സിപ്പലുമായ ഫാ.എ.തോമസ്, തുംകൂര്‍ ലൂര്‍ദ്ദ്മാതാ ദേവാലയ വികാരി ഫാ.ബര്‍ത്തലോമിയോ എന്നിവരാണ്.

കന്നഡ ഭാഷ സംസാരിക്കുന്ന കത്തോലിക്കരുടെ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായുണ്ടായതാണ് എല്ലാ സംഭവവികാസങ്ങളും എന്ന വികാരം പരത്തുകയാണ് ഇവര്‍. ഈ പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മാത്രമല്ല, കന്നഡ ഭാഷ സംസാരിക്കുന്ന കത്തോലിക്കരേയും കത്തോലിക്കാവിശ്വാസികളെ ആകമാനവും അവഹേളിക്കാനുമായുള്ളതാണ്. കത്തോലിക്കാസഭയില്‍ അനാരോഗ്യകരമായ സാഹചര്യം സൃഷ്ടിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അന്വേഷണം വൈകിപ്പിക്കുന്നതിലോ വേഗത്തിലാക്കുന്നതിലോ ആഭ്യന്തരമന്ത്രിക്കും ആര്‍ച്ച്ബിഷപ്പിനും പ്രത്യേക താത്പര്യമുണ്െടന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രീസ്റ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നതുപ്രകാരം സിബിഐ അന്വേഷണത്തിന്ഞങ്ങള്‍ക്കും സമ്മതാണ്. അങ്ങനെയെങ്കിലുംയഥാര്‍ത്ഥ സത്യം പുറത്തുവരുമല്ലോ.ഫാ.കെ.ജെ.തോമസിന്റെ ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നത് പുറംലോകം അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ ആവശ്യവും ഇതുതന്നെ.-പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിനെ സന്ദര്‍ശിച്ച് ബാംഗളൂര്‍ മലയാളി കാത്തലിക് അസോസിയേഷന്‍ എല്ലാ വിധ പിന്തുണയും അറിയിച്ചു.

പ്രസിഡന്റ് വില്യം പനയ്ക്കല്‍, സെക്രട്ടറി സോണി കുര്യന്‍, ട്രഷറര്‍ ജയ്ജോ ജോസഫ് എന്നിവരും മാനേജിംഗ് കമ്മിറ്റിയംഗങ്ങളുമാണ് ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചത്. മുന്‍ എംഎല്‍എ ഐവാന്‍ നിഗ്ളി, ഉപദേശകന്‍ പി.കെ.ചെറിയാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.