മനുഷ്യ സ്നേഹത്തിന്റെ മഹിത മാതൃകായി മെഡിക്കല്‍ ക്യാമ്പ്
Saturday, April 12, 2014 8:59 AM IST
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗവുമായി സഹകരിച്ച് നടന്ന പതിമൂന്നാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് മനുഷ്യ സ്നേഹത്തിന്റേയും ജീവകാരുണ്യത്തിന്റേയും മഹിത മാതൃകയായി. ഇതോടൊപ്പം ഗവണ്‍മെന്റ്, സ്വകാര്യ മേഖലയില്‍ നിന്നെത്തിയ നൂറ് കണക്കിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സേവനപാതയില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്തു.

സമൂഹത്തിലെ താഴെക്കിടയിലുള്ള സഹോദരന്മാരുടെ ആരോഗ്യ പ്രശ്നങ്ങളറിയുവാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും ഓരോരുത്തരും പ്രത്യേകം ശ്രദ്ധിച്ചത് താരിഖ് ബിന്‍ സിയാദ് സ്ക്കൂളിലേക്ക് ഒഴുകിയെത്തിയ അയ്യായിരത്തോളം വരുന്ന വിദേശി വിഭാഗങ്ങള്‍ക്ക് ക്യാമ്പ് അവിസ്മരണീയമായ അനുഭവമായി. കുറഞ്ഞ സമയം കൊണ്ട് സ്കൂളിനെ ഒരു ആശുപത്രിയാക്കി മാറ്റി ചികില്‍സയുടേയും ബോധവത്കരണത്തിന്റേയും കൌണ്‍സിലിംഗിന്റേയും സേവനങ്ങള്‍ സമന്വയിപ്പിച്ച സംഘാടകര്‍ സാമൂഹ്യ കൂട്ടായ്മകള്‍ക്ക് പലതും സാക്ഷാല്‍കരിക്കാനാകുമെന്നും തെളിയിച്ചു.

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഖത്തറില്‍ നടക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യ സംരക്ഷണത്തിലും ബോധവത്കരണ രംഗത്തും സുപ്രധാനമായ നാഴികകല്ലാണ്. പ്രവാസി സമൂഹത്തിന്റെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകമായ ഈ ക്യാമ്പിന്റെ വിവരങ്ങള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പോലും വളരെ പ്രധാന്യം പൂര്‍വമാണ് പരിഗണിക്കുന്നത്.

ബോധവല്‍ക്കരണമാണ് ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുവാന്‍ വൈകുന്നതും ആവശ്യമായ മുന്‍കരുതലുകളെടുക്കുവാന്‍ വൈകുന്നതും സ്ഥിതിഗതികള്‍ വഷളാക്കാറുണ്ട്. ഈ രംഗത്തും വഴികാട്ടിയായ മെഡിക്കല്‍ ക്യാമ്പ് ആയിരക്കണക്കിനാളുകള്‍ക്കാണ് ബോധവത്കരണത്തിന്റെ സന്ദേശമെത്തിച്ചത്. വെളളിയാഴ്ചയായതിനാല്‍ തൊഴിലാളികള്‍ക്കൊക്കെ ക്യാമ്പ് പ്രയോജനപ്പെടുത്താനായി.

ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത് ക്യാമ്പ് നടന്ന സലത്ത ജദീദിലുളള താരിഖ് ബിന്‍ സിയാദ് ഇന്‍ഡിപ്പെന്റഡ് ബോയ്സ് സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഏഴിനുമുമ്പു തന്നെ എത്തിയിരുന്നു. നാടും വീടും ഉറ്റവരെയും വിട്ട് പ്രവാസ ജീവിതം നയിക്കേണ്ടതു കൊണ്ടുണ്ടാകുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച അറിവില്ലായ്മ തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഏഷ്യന്‍ വംശജരായ തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും അവശ്യ കേസുകളില്‍ ചികില്‍സാ സൌകര്യമേര്‍പ്പുെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വിവിധ വിഷയങ്ങളില്‍ നടന്ന ബോധവത്കരണ ക്ളാസുകളാലും ശ്രദ്ധേയമായി.

സ്വദേശികളും വിദേശികളുമായി നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ ആയിരകണക്കിന് തൊഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധവത്കരണം നല്‍കാനും ഉപകരിക്കുന്ന ക്യാമ്പ് ഏറെ മാതൃകപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അംബാസഡര്‍ പറഞ്ഞു. ദേശ, ഭാഷ, മത ഭേദമില്ലാതെ ഖത്തറിലെ വിവിധ രാജ്യക്കാര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ ക്യാമ്പിന്റെ സവിശേഷത. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളെയെന്നപോലെ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേയും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ മുഖ്യമായും ലക്ഷ്യം വയ്ക്കുന്ന ക്യാമ്പ് പ്രോത്സാഹനാര്‍ഹവുമാണെന്നും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നും പൂര്‍ണ പിന്തുണ ക്യാമ്പിനുണ്ടാകുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യന്‍ സമൂഹം അവരുടെ സഹോദരങ്ങള്‍ക്ക് എത്രമാതം പ്രധാന്യം നല്‍കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെഡിക്കല്‍ ക്യാമ്പ് എന്ന് ചടങ്ങില്‍ സംസാരിച്ച സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ വിഭാഗം ഡയരക്ടര്‍ ഡേ: ഷേഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് അസോസയേഷന്‍ പ്രസിഡന്റ് കെ.സി അബ്ദുള്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹവും ഖത്തര്‍ അധികാരികളും തമ്മിലുളള ഉദാത്ത സ്നേഹ ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ് സൌജന്യ മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. ജലസേവനവും മാനുഷിക പരിഗണനയും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഖുര്‍ആനിന്റെ നിര്‍ദേശങ്ങളാണ് സേവനരംഗത്തെ വഴികാട്ടിയെന്നും മൂസ നബിയുടെ ചരിത്രം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പി.ആര്‍ ഡയറക്ടര്‍ അബ്ദുള്ള അലി അല്‍ ഖലാഫ്, പിഎച്ച്സിസി എം.ഡി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നാസര്‍ അബ്ദുല്ല അല്‍ ഉബൈദാന്‍, പിഎച്ച്സിസി കമ്യൂണിക്കേഷന്‍ ആന്‍ഡ് പി.ആര്‍ ഡയറക്ടര്‍ മറിയം യാസീന്‍ അല്‍ ഹമ്മാദി, മതകാര്യ മന്ത്രാലയത്തിലെ ഫഹദ് അല്‍ റുവൈദി, ഗ്രഡ് ആന്‍ഡ് ഹാള്‍ക്കഹോള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി സെക്രട്ടറി ജനറല്‍ മേജര്‍ ഇബ്രാഹിം മുഹമ്മദ് സമീഹ്, ഡോ: ജാസിം ജബര്‍ അല്‍ ഖുവൈതര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സമീര്‍ മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രസ് ആന്‍എഡ്യൂക്കേഷന്‍ ഫസ്റ് സെക്രട്ടറി ദിനേഷ് ഉദ്നിയ, ദീപു, ബഷീര്‍ ഹസന്‍ എന്നിവരും ഡോ. മുഹമൂദ് അല്‍ മഹമൂദ്, ജമാല്‍ മുഹമ്മദ് അല്‍ നാമ, ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുള്ള, യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ ഫിറോസ്, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് മെഹര്‍ബാന്‍ അബ്ദുള്ള തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഓര്‍ത്തോപീടിക് , കാര്‍ഡിയോളജി, സ്കിന്‍, ഒപ്താല്‍മോളജി, ഇ.എന്‍.ടി ഡെന്റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 150 ല്‍ അധികം ഡോക്ടര്‍മാരും 175 ല്‍ അധികം പരാമെഡിക്കല്‍ ജീവനക്കാരും ക്യാമ്പില്‍ സേവനമനുഷ്ടിച്ചു. വനിതകളുള്‍പ്പെടെ ആയിരത്തില്‍പരം വരുന്ന ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ യൂത്ത് ഫോറം വോളന്റിയര്‍മാരാണ് ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കിയത്.

ലോകാരോഗ്യ ദിന പ്രമേയത്തെ അധികരിച്ച് ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവത്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, ഖത്തര്‍ ഗ്രീന്‍ സെന്റര്‍, ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍, യൂത്ത് ഫോറം ഹമദ് ഓഡിയോളജി വിഭാഗം എന്നിവരും പവലിയനുകള്‍ ഒരുക്കിയിരുന്നു. ഹമദ് ട്രെയിനിംഗ് സെന്റര്‍ നടത്തിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രസന്റേഷന്‍ ഏറെ പേര്‍ക്ക് ഉപയോഗപ്രഥമായി. ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബറ്റിക്ക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൌണ്ടറുകളിലായി നടന്ന സൌജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന സംവിധാനം നിരവധി പേര്‍ ഉപയോഗപ്പെടുത്തി. ഖത്തര്‍ ഓര്‍ഗണ്‍ ഡൊണേഷന്‍ ഫോറം ഒരുക്കിയ പ്രത്യേക കൌണ്ടറില്‍ നൂറിലധികം പേര്‍ അവയയവ ദാന സമ്മത പത്രം നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഒരുക്കിയ രക്തദാന സൌകര്യവും നിരവധി പേര്‍ ഉപയോഗപ്പെടുത്തി.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര