അമേരിക്കന്‍ മലയാള സാഹിത്യത്തിന് പുത്തന്‍ ഉണര്‍വുമായി മാപ് 'കവിത-14'
Saturday, April 12, 2014 8:49 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയിലൊരുക്കിയ 'കവിത-കഥാദിനം' അമേരിക്കന്‍ മലയാള സാഹിത്യ ലോകത്തിന് പുത്തന്‍ ഉണര്‍വായി. 'കവിത-14' എന്ന് പേരിട്ട കവിതാ- ചെറുകഥാ പാരായണ-ആസ്വാദന സമ്മേളനത്തിന് ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ്, സിഎംസി, നീനാ പനക്കല്‍, മാപ്പ് പ്രസിഡന്റ് സാബൂ സ്കറിയ, മാപ്പ് സാഹിത്യ വിഭാഗം ചെയര്‍ പേഴ്സണ്‍ സോയാ നായര്‍ എന്നിവര്‍ അഞ്ചു തിരിയിട്ട നിലവിളക്ക് തെളിച്ചു. ന്യൂയോര്‍ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍ ഡിസി, പെന്‍സില്‍വേനിയാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലാന, നാട്ടുക്കൂട്ടം, സാഹിത്യവേദി, വിചാരവേദി, സര്‍ഗവേദി എന്നീ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

കഥയരങ്ങില്‍ നീനാ പനക്കല്‍, ജോര്‍ജ് നടവയല്‍, പി.ടി. പൌലോസ്, ഡോ. എന്‍. പി. ഷീല, മുരളി ജെ. നായര്‍, ജോര്‍ജ് ഓലിക്കല്‍, ജയന്‍ കാമിച്ചേരില്‍, മേരീ ഏബ്രാഹം എന്നിവര്‍ സ്വന്തം കഥാരചനകള്‍ അവതരിപ്പിച്ചു. സിഎംസി, ഡോ. എന്‍.പി ഷീല, ഇ. വി പൌലോസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

കവിയരങ്ങില്‍ ഏബ്രഹാം മേട്ടില്‍, ബീനാ ജോര്‍ജ്, ജോര്‍ജ് ജോസഫ്, ജോര്‍ജ് നടവയല്‍, ജോണ്‍ ആറ്റുമാലില്‍, മേരി ഏബ്രാഹം, മോന്‍സി കൊടുമണ്‍, രാജു തോമസ്, റെജീസ് നെടുങ്ങാടപ്പള്ളി, സാബു ജേക്കബ്, സോയ നായര്‍, സുനിത ഫ്ളവര്‍ഹില്‍, ഡോ. എന്‍.പി. ഷീല എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ജെ. മാത്യൂസ്, ഇ.വി പൌലോസ്, മുരളീ ജെ. നായര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

കഥകളും കവിതകളൂം സുന്ദരങ്ങള്‍ എന്ന് മോഡറേറ്റര്‍മാര്‍ വിലയിരുത്തി. സാഹിത്യ രചനയില്‍ താത്പര്യമുള്ളവര്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും ആത്മവിശ്വാസം വര്‍ധിക്കുന്നതിനുള്ള പ്രോത്സാഹനം മോഡറേറ്റര്‍മാരുടെ വിലയിത്തലുകളില്‍ സ്പഷ്ടമായിരുന്നു. പുതിയ എഴുത്തുകാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാതെ മുന്നേറാനുള്ള പ്രേരക ശക്തിയായും പ്രചോദനമായും വിലയിരുത്തലുകള്‍ മുഴങ്ങി. അവതരിപ്പിക്കപ്പെട്ട കഥകളും കവിതകളും സദസിനു വിലയിരുത്താനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവസരം 'കവിത-14'ല്‍ ഉണ്ടായി എന്നത് സവിശേഷ സമീപനമായി ഞങ്ങള്‍ കരുതുന്നതായി മാപ് ഭാരവാഹികളായ സാബു സ്കറിയായും സോയ നായരും പറഞ്ഞു. കുമാരി ശ്രീദേവീ അനൂപ് അര്‍ധ ശാസ്ത്രീയ ഗാനം ആലപിച്ചു. മാപ് സാഹിത്യ വിഭാഗം ചെയര്‍ പേഴ്സണ്‍ സോയ നായര്‍ നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തിന്റെ ടെലവിഷന്‍ സംപ്രേക്ഷണം ഏപ്രില്‍ 19 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് മലയളം ഐപി ടിവിയില്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍