സീറോ മലബാര്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 20 ന്
Saturday, April 12, 2014 8:42 AM IST
വാല്‍സിംഗ്ഹാം: യുകെയില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിപ്പോരുന്നതും ഏറ്റവും വലിയ ആഘോഷവുമായ വാല്‍സിംഗ്ഹാം മരിയന്‍ പുണ്യ തീര്‍ഥാടനത്തിനു ആവേശപൂര്‍വമായ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. തീര്‍ഥാടനത്തില്‍ പങ്കു ചേരുന്ന ആയിരക്കണക്കിന് വരുന്ന മരിയ ഭക്തര്‍ക്കുവേണ്ട സുരക്ഷിതത്വവും ഭക്ഷണവും നിര്‍ദ്ദേശങ്ങളും പ്രാര്‍ഥനാ പുസ്തകങ്ങളും ഗതാഗത സൌകര്യങ്ങളും മറ്റും പിന്നണിയില്‍ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടി ക്രമീകരിച്ചു വരുന്നു.

തീര്‍ഥാടനത്തിന്റെ വിജയത്തിനായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിറ്റിയുടെ വിവിധ കമ്മിറ്റികള്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ ഈ പുണ്യ യാത്രക്ക് നേതൃത്വം അരുളുന്ന ഈസ്റ് ആന്‍ഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ സമയോചിതമായി വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു.

തീര്‍ഥാടനത്തില്‍ ആത്മീയ ശോഭ പകരുവാന്‍ എത്തിച്ചേരുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. ആതിഥേയ രൂപതയുടെ അധ്യക്ഷനും, യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്പ്സ്, സീറോ മലബാര്‍ സഭയുടെ ആരാധ്യനായ കോഓര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയില്‍,അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യന്‍ തുടങ്ങിയവരെ തഥവസരത്തില്‍ വരവേല്‍ക്കും.

പ്രവാസി മൈഗ്രന്റ്സ് ചാര്‍ജുള്ള ബിഷപ്പ് അലന്‍ ഹോപ്പ്സും സീറോ മലബാര്‍ മൈഗ്രന്റ്സ് കമ്മിഷന്‍ മെമ്പര്‍ മാത്യു അറയ്ക്കല്‍ പിതാവും ഒന്നിച്ചു തീര്‍ഥാടനത്തിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നുവെന്ന വിശേഷതയും ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് സീറോ മലബാര്‍ കോഓര്‍ഡിനേറ്ററായി ചുമതലയേറ്റെടുത്ത റവ.ഡോ.തോമസ് പാറയടിയിലച്ചനും ഷവലിയാര്‍ പട്ടം സ്വീകരിച്ച അഡ്വ. വി.സി സെബാസ്റ്യനും തങ്ങളുടെ ഉന്നത സ്ഥാന ലബ്ദിയില്‍ പങ്കെടുക്കുന്ന പ്രഥമ തീര്‍ഥാടനം എന്ന പ്രത്യേകതയും 2014 ലെ തീര്‍ഥാടനത്തിനു സവിശേഷത പകരുന്നു.

യുറോപ്പിലെ ഏറ്റവും പുരാതന മരിയന്‍ പുണ്യകേന്ദ്രമായ വാല്‍സിംഗ്ഹാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഏട്ടാമത് മരിയന്‍ പുണ്യ തീര്‍ഥാടനം മരിയ ഭക്തി പ്രഘോഷണ വേദിയായി തിളങ്ങും. അനുഗ്രഹങ്ങളുടെ പറുദീസയായ വാല്‍സിംഗ്ഹാമില്‍ ഉന്നത മധ്യസ്ഥയുടെ കനിവിന്റെ പെരുമഴ തേടി ആയിരങ്ങള്‍ മാതൃ സന്നിധിയില്‍ സന്നിഹിതരാവും.

തീക്ഷ്ണ മരിയ ഭയ ഭക്തി നിറവില്‍ അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. മുമ്പ് തീര്‍ഥാടനം നടത്തുന്നതിനായി ചെരുപ്പ് അഴിച്ചു വച്ചിരുന്ന 'സ്ളിപ്പര്‍ ചാപ്പല്‍' മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്.

ജൂലൈ 20ന് (ഞായര്‍) ഉച്ചക്ക് 12ന് വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22

6 ഡിബി) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് വര്‍ണാഭമായ മുത്തുക്കുടകളുടെയും സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും. ഏറ്റവും പിന്നിലായി ആതിഥേയര്‍ വാല്‍സിംഗ്ഹാം മാതാവിന്റെ രൂപവുമേന്തി അനുഗമിക്കും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമ വയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 2:45 നു ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹ ബലിയില്‍ അറക്കല്‍ പിതാവും അലന്‍ ഹോപ്സ് പിതാവും തോമസ് പാറയടിയിലച്ചനും മുഖ്യ കാര്‍മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ഥാടകരെയും സ്വാഗതം ചെയ്യും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മികരായി പങ്കുചേരുന്ന സമൂഹബലി മധ്യേ അറയ്ക്കല്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കും.

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ വിശ്വാസി സമൂഹമായ ഹണ്ടിംഗ്ടന്‍ സീറോ മലബാര്‍ കമ്യുണിറ്റിയെ വാഴിക്കുന്നതോടെ ശുശ്രൂഷകള്‍ സമാപിക്കും.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിറ്റിക്കുവേണ്ടി മാത്യു അച്ചന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ് 07939920844

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ