'ദൈവത്തില്‍ ആശ്രയം വയ്ക്കുക, ഞാന്‍ എന്ന ഭാവം വെടിയുക'
Saturday, April 12, 2014 8:40 AM IST
വിയന്ന: കര്‍ത്താവില്‍ ആശ്രയം വയ്ക്കുന്നവന്‍ സിയോന്‍ പര്‍വതം പോലെ ഉറച്ചുനില്‍ക്കും. ഭാര്യയില്‍, മക്കളില്‍, ദൈവസൃഷ്ടികളില്‍ ആശ്രയം വയ്ക്കരുതേ അവരെല്ലാം ഒരുനാള്‍ നിന്നെ ഉപേക്ഷിച്ചേക്കാം എന്നാല്‍ നീ നിന്നെ സൃഷ്ടിച്ചവനില്‍ മാത്രം ആശ്രയം അര്‍പ്പിക്കുക അവന്‍ നിന്നെ ഒരുനാളും കൈവെടിയുകയില്ല, നീ ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ നിന്റെ ജീവിതത്തില്‍ നിരാശക്കിടമില്ല. കൊച്ചുകുഞ്ഞുങ്ങള്‍ മാതാപിതാക്കന്മാരെ വിശ്വസിക്കുന്ന പോലെ നമ്മളോരോരുത്തരും ദൈവത്തില്‍ വിശ്വസിക്കുക. അബ്രഹാത്തിനെ സന്താനങ്ങളാല്‍ സമ്പന്നനാക്കിയ ദൈവം തിര്‍ച്ചയായും നിന്റെ ആവശ്യങ്ങളില്‍, പ്രയാസങ്ങളില്‍ നമ്മോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുക.

മനുഷ്യ ബുദ്ധിക്കതിതമായ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവത്തിനാകും. ഒരുപക്ഷേ, നിങ്ങള്‍ ഡോക്ടറാകാം, വക്കീലാകാം, വൈദീകനാകാം, എന്‍ജിനിയറാകാം, നഴ്സകാം ആരുമാകട്ടെ പ്രിയമുള്ളവരേ നമ്മുടെ ബുദ്ധിക്കപ്പുറത്തേക്കാണ് ദൈവിക സത്യങ്ങള്‍ എന്നു മനസിലാക്കുക. ദൈവതിരുമുന്‍പില്‍ നമ്മുടെ ബുദ്ധിയെന്നു പറയുന്നത് പകല്‍വെളിച്ചത്തില്‍ അടിച്ചു നോക്കുന്ന ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചിന് തുല്യമത്രേ., അതുകൊണ്ടുതന്നെ വേദപുസ്തകം പറയുന്നു , ബുദ്ധിമാന്മാരില്‍നിന്നും ജ്ഞാനികളില്‍ നിന്നും മറച്ചുവച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തും ദൈവഹിതത്തിനു വിധേയമാകുക, തനിക്കു മനസിലാകാത്ത സത്യങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്നു മറിയം പറഞ്ഞതുപോലെ പറയുവാന്‍ നമ്മുക്കുകഴിയണം.

നീ തന്റെ ലോക പരിജ്ഞാനംവച്ച് നീ വേദപുസ്തകം വ്യാഖ്യാനിക്കുവാനോ, ദൈവികസത്യങ്ങളെ വിമര്‍ശിക്കുവാനോ തുനിയരുത്. അനുദിന ജീവിതത്തില്‍ നീ ജോബിനെപ്പോലെയാകുക. ദൈവം തന്നു ദൈവമെടുത്തു അവന്റെ തിരുനാമത്തിനു മഹത്വമുണ്ടാകട്ടെ.

സ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനത്തിന് നേതൃത്വംനല്‍കി പ്രസംഗിക്കുകയായിരുന്നു ഫാ.ജോസഫ് പുത്തന്‍പുരക്കല്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍