സാഹിത്യവേദിയില്‍ ഷാജന്‍ ആനിത്തോട്ടത്തിന് അനുമോദനം
Saturday, April 12, 2014 3:44 AM IST
ഷിക്കാഗോ: അതിശൈത്യത്തിന്റെ നാലു മാസത്തെ ഇടവേളയ്ക്കുശേഷം 179-മത് സാഹിത്യവേദി 2014 ഏപ്രില്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയം മാനേജിംഗ് ഡയറക്ടറും, ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് സി.ഇ.ഒയുമായിരുന്ന പി.എസ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

'നിളാതീരത്തെ കാറ്റ്' എന്ന പ്രബന്ധം രാധാകൃഷ്ണന്‍ നായര്‍ അവതരിപ്പിച്ചു, തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സദസ്യരുടെ ആസ്വാദന അഭിപ്രായങ്ങള്‍ പങ്കുവെച്ച് പ്രബന്ധകാരന്‍ രാധാകൃഷ്ണനെ അഭിനന്ദിച്ചു.

ഡിസംബര്‍ ആദ്യവാരം ഷിക്കാഗോയില്‍ വെച്ച് അരങ്ങേറിയ ഒമ്പതാമത് ലാനാ കണ്‍വെന്‍ഷന്‍ പൂര്‍വ്വാധികം ഭംഗിയായി നടന്നതിനു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ചതിനും, ലാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനും, സ്കോക്കി വില്ലേജ് ഫാമിലി സര്‍വീസ് കമ്മീഷണര്‍ എന്ന നിലയില്‍ അഞ്ചുവര്‍ഷത്തെ സേവനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതിനും സാഹിത്യവേദിയുടെ ആഹ്ളാദവും അംഗീകാരവും അഭിനന്ദനവും അറിയിച്ചുകൊണ്ട് കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാട്ട് സംസാരിച്ചു.

അധ്യക്ഷന്‍ പി.എസ്. നായര്‍ സാഹിത്യവേദിയുടെ ഉപഹാരം ഷാജന്‍ ആനിത്തോട്ടത്തിന് നല്‍കി. ലാനാ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാഹിത്യവേദി അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടും തനിക്ക് ഉപഹാരം നല്‍കി ആദരിച്ചതിനും ഷാജന്‍ ആനിത്തോട്ടം സംസാരിച്ചു.

തുടര്‍ന്ന് സമീപകാലത്ത് അപമൃത്യുവിന് ഇരയായ പ്രവീണ്‍ വര്‍ഗീസ്, ജാസ്മിന്‍ ജോസഫ്, ഡോ. രാജേന്ദ്ര രാജാ, സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനി എന്നിവര്‍ക്ക് ആദര്ഞ്ജലിയും അനുശോചനവും അറിയിച്ചു.

'വസന്തം വരവായ്' എന്ന കവിത ഷാജന്‍ ആനിത്തോട്ടം അവതരിപ്പിച്ചത് വളരെ ആസ്വാദ്യകരമായിരുന്നു. അടുത്ത സാഹിത്യവേദി മെയ് നാലാം തീയതി കൂടാമെന്ന തീരുമാനത്തോടുകൂടി അധ്യക്ഷന്റെ ഉപസംഹാരപ്രസംഗത്തിനുശേഷം രവി രാജായുടെ കൃതജ്ഞതയോടുകൂടി ഡോ. റോയ് പി. തോമസ് സ്പോണ്‍സര്‍ ചെയ്ത ഏപ്രില്‍ മാസ സാഹിത്യവേദിക്ക് തിരശീല വീണു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ സി. ഇലക്കാട്ട് (773 282 4955), ഷാജന്‍ ആനിത്തോട്ടം (847 322 1181).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം