പീഡാനുഭവാര ആചരണവും കാല്‍കഴുകല്‍ ശുശ്രൂഷയും
Friday, April 11, 2014 6:08 AM IST
ഡാളസ്: സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ പീഡാനുഭവവാര ആചരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ലോകത്തിനുതന്നെ മാതൃകയെന്നോണം എളിമയുടെ പ്രതീകമായ ക്രിസ്തു ദേവന്‍, ക്രൂശു മരണത്തിനു മുമ്പായി, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയ്ക്കായി ഏപ്രില്‍ 17 ന് (വ്യാഴം) ഇടവക മെത്രാപൊലീത്ത യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഈ വര്‍ഷത്തെ ഹാശായാഴ്ച ആചരണത്തിന്റെ പ്രത്യേകതയാണ്.

പീഡാനുഭവാര ആചരണത്തിന്റെ മുന്നോടിയായി ഇടവകയെ ആത്മീയ നിറവില്‍ ഒരുക്കുന്നതിനായി ഏപ്രില്‍ 12 (ശനി) രാവിലെ 9.30 മുതല്‍ 12.30 വരെ വികാരി ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ഏകദിന ധ്യാനയോഗം നടത്തുന്നു. ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക (2 തീമോത്തിയോസ് 2:3) എന്നതായിരിക്കും ചിന്താവിഷയം. പളളി ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ ബൈബിള്‍ പാരായണം, പ്രത്യേക പ്രാര്‍ഥനകള്‍ എന്നിവയും ധ്യാനത്തോടൊപ്പം ക്രമീകരിച്ചിരിക്കുന്നു.

ശനി, ഞായര്‍, തിങ്കള്‍, ചൊവ്വാ എന്നീ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ ഏഴു വരെ വി. കുമ്പസാരം നടത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും.

13 ന് (ഞായര്‍) രാവിലെ എട്ടിന് ഓശാന സര്‍വീസ് ആരംഭിക്കും.

16 ന് (ബുധന്‍) പെസഹാ ശുശ്രൂഷ വൈകിട്ട് ഏഴിന് നടക്കും.

17 ന് (വ്യാഴം) വൈകിട്ട് 5.30 ന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഡാളസ് ഹൂസ്റ്റന്‍, ഒക്ലഹോമ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി വൈദീകരും ശെമ്മാശന്മാരും വിശ്വാസികളും പങ്കെടുക്കും.

18 ന് (വെളളി) മെത്രാപൊലീത്തായുടെ നേതൃത്വത്തില്‍ ദുഃഖ വെളളിയാഴ്ചയിലെ ശുശ്രൂഷകള്‍ നടക്കും. രാവിലെ 8.30 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 3.30 ന് അവസാനിക്കും.

19 (ശനി) രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും.

ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 20 ന് (ഞായര്‍) രാവിലെ 6.30 ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് ഈസ്റ്റര്‍ കുര്‍ബാനയും നടക്കും. 11.30 ന് സ്നേഹ വിരുന്നോടെ ഹാശാ ആഴ്ച ആചരണമവസാനിക്കും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍