ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയെ എംഎസ്ഒസി യുകെയുടെ പള്ളി പ്രതിപുരുഷ യോഗം അനുസ്മരിച്ചു
Friday, April 11, 2014 6:06 AM IST
ലണ്ടന്‍: കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയെ അനുസ്മരിച്ചു യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയന്റെ സമ്പൂര്‍ണ പള്ളി പ്രതിപുരുഷ യോഗം യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ അധ്യക്ഷതയില്‍ നടന്നു.

അഭിവന്ദ്യ തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ വൈദീകരുടെയും സഹകാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിച്ചേര്‍ന്ന പള്ളി പ്രതിനിധികളും ചേര്‍ന്നു ബാവയെ അനുസ്മരിച്ച് പ്രത്യേകമായ അനുസ്മരണ പ്രാര്‍ഥനയും, ധൂപപ്രാര്‍ഥനയും നടത്തി.

ഏപ്രില്‍ ആറിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് സഭയുടെ നോര്‍ത്ത് ലണ്ടനിലുള്ള സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ആയിരുന്നു അനുസ്മരണ യോഗം ക്രമീകരിച്ചത്.

യോഗത്തില്‍ തിരുമനസിനോടൊപ്പം യുകെ മേഖലയിലെ വൈദീകരായ റവ. ഫാ. രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്, റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, റവ ഫാ എല്‍ദോസ് കൌങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍, റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. എബില്‍ മാര്‍ക്കോസ് മുതലായവര്‍ സനിഹിതരായിരുന്നു.

യോഗത്തില്‍ ബാവയുടെ വേര്‍പാടില്‍ യുകെയിലെ എല്ലാ ഇടവകകളും സണ്‍ഡേസ്കൂള്‍, സ്റുഡന്‍സ് മൂവ്മെന്റ്, യൂത്ത് അസോസിയേഷന്‍, വനിതാ സമാജം മുതലായ ഭക്ത സംഘടനകളും അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ 2014-15 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള യുകെ റീജിയണല്‍ കൌണ്‍സില്‍ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍