റോമില്‍ പള്ളിയിലെ അദ്ഭുതം: തളര്‍വാതം ബാധിച്ച വൃദ്ധ എഴുന്നേറ്റു നടന്നു
Thursday, April 10, 2014 8:37 AM IST
റോം: തളര്‍വാതം ബാധിച്ച എഴുപത്തിനാലുകാരി വീണ്ടും എഴുന്നേറ്റു നടന്നു. തെക്കന്‍ ഇറ്റലിയിലെ ഒരു പള്ളിയില്‍ നടന്ന സംഭവം ആധുനിക കാലത്തെ അദ്ഭുതമാണെന്ന് വിശ്വാസികള്‍ അവകാശപ്പെടുന്നു.

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളും ശസ്ത്രക്രിയകളും കാരണം പതിനൊന്നു വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്ന മിഷേലിന കോമേഗ്നയാണ് ഇപ്പോള്‍ നിവര്‍ന്നു നടക്കുന്നത്.

പോമ്പെയിലെ പള്ളിയില്‍ നാലു വര്‍ഷമായി ഇവര്‍ പ്രാര്‍ഥനയ്ക്കെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ പ്രാര്‍ഥനയ്ക്കിടയിലാണ് എഴുന്നേറ്റു നടക്കാന്‍ ശക്തി ലഭിച്ചത്. ഉള്ളിലൊരു കാളലും കൈകാലുകളും ശരീരം മുഴുവന്‍ വല്ലാത്ത കരുത്തും പൂക്കളുടെ മണവും അനുഭവപ്പെട്ടു. ആദ്യം പേടിയാണ് തോന്നിയത്. പള്ളിയിലാണെന്നു പോലും മറന്നു പോയി. അറിയാതെ എഴുന്നേറ്റു നടക്കുകയായിരുന്നു എന്നും അവരുടെ സാക്ഷ്യം.

സംഭവം താന്‍ നേരിട്ടു കണ്ടതാണെന്ന് വികാരി യൂസപ്പെ അഡാമോയും പറയുന്നു. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാതെ ഇതൊരു അദ്ഭുതമായി താന്‍ ഔപചാരികമായി പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍