യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പിന് ഉജ്വല തുടക്കം
Thursday, April 10, 2014 8:35 AM IST
ലണ്ടന്‍: യാക്കോബായ വിദ്യാര്‍ഥികള്‍ ആകാംഷയോടെ വരവേറ്റ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ക്യാമ്പ് വെയില്‍സില്‍ ആരംഭിച്ചു. കഫേന്‍ ലീ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഒട്ടേറെ അത്ഭുത നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഈ കൂടി വരവ് യുകെയില്‍ യാക്കോബായ സഭയെ സംബന്ധിച്ചിടത്തോലം ഒരു പുതിയ ചുവടുവയ്പാണെന്നതില്‍ സംശയമില്ല. സംഘാടക മികവില്‍ പത്യേകം ശ്രദ്ധയാകര്‍ഷിച്ച ഈ ക്യാമ്പ് കുട്ടികളുടെ ആത്മീയമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ ക്ളാസുകളും പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നാകുന്നു.

ഏപ്രില്‍ ഏഴിന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് രജിസ്റ്രേഷനുശേഷം കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുകെയുടെ പാത്രയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ വൈദീകരുടെയും സഹകാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും ധൂപപ്രാര്‍ഥനയും നടത്തുകയും തുടര്‍ന്ന് പങ്കെടുത്ത കുട്ടികളെല്ലാം തിരികത്തിച്ച് പരിശുദ്ധ ബാവയ്ക്കു അനുശോചനം രേഖപ്പെടുത്തി പ്രാര്‍ഥിച്ചു കൊണ്ട്് ഈവര്‍ഷത്തെ ക്യമ്പിനു തിരിതെളിഞ്ഞു.

മാത്യൂസ് മോര്‍ അപ്രേം തിരുമേനിയോടൊപ്പം മേഖലയിലെ വൈദീകരായ റവ. ഫാ. രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്, റവ. ഫാ. എല്‍ദോസ് കൌങ്ങംപള്ളി, റവ. ഫാ. സിബി വാലയില്‍, റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, റവ ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. തോമസ് പുതിയാമഠം, റവ. ഫാ. തമ്പി മാറാടി , ഡീക്കന്‍ അനീഷ് തുടങ്ങിയവരോടൊപ്പം യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വാളന്റിയേഴ്സിന്റെയും കുട്ടികളും ഈ ക്യമ്പില്‍ പങ്കെടുക്കുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ടീമുകളായി തിരിക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ന്നു നടത്തപ്പെട്ട ക്ളാസുകള്‍ക്ക് അപ്രേം തിരുമേനിയും ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും നേതൃംത്വം നല്‍കി. വളരയധികം കൃത്യനിഷ്ടയോടും അച്ചടക്കത്തോടുമാണ് ക്ളാസുകള്‍ നടക്കുന്നത്. ഇനിയും മൂന്നു ദിവസം കുട്ടികള്‍ക്ക് ആകാംഷയുടെ നാളുകളായിരിക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍