റെഡാര്‍ നിയന്ത്രണമില്ലാതെ ജെറ്റ് എയര്‍വേയ്സ് വിമാനം മുപ്പത് മിനിറ്റ് ആകാശത്ത്
Thursday, April 10, 2014 8:35 AM IST
ബര്‍ലിന്‍: ജെറ്റ് എയര്‍വേയ്സിന്റെ യാത്രാവിമാനം മുപ്പത് മിനിറ്റോളം ആകാശത്ത് റെഡാര്‍ നിയന്ത്രണമില്ലാതെ പറന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മാര്‍ച്ച് പതിമൂന്നിനാണ് സംഭവം നടന്നത്. ജര്‍മനിയുടെ വ്യോമാതിര്‍ത്തിയ്ക്കുള്ളിലായിരുന്നതിനാല്‍ (നോര്‍ത്ത് ജര്‍മനിക്ക് മുകളിലൂടെ) ജര്‍മന്‍ വ്യോമഗതാഗത മന്ത്രാലയ കാര്യാലയത്തെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നരിക്കുന്നത്.

മാര്‍ച്ച് 13ന് ഫ്ളൈറ്റ് നമ്പര്‍ 9ണ117 എന്ന ബോയിംഗ് 777/300 ടൈപ്പ് വിമാനം ലണ്ടനില്‍ നിന്നും മുംബൈയ്ക്കു പറന്നപ്പോഴാണ് ജര്‍മന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് റഡാര്‍ നിയന്ത്രണം നഷ്ടമായത്. ജര്‍മന്‍ ഫ്ളൈറ്റ് സെക്യൂരിറ്റി (ഡിഎഫ്എസ്) ആണ് ഇക്കാര്യം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാത്രി 23.01 നും 23.23 നും ഇടയിലുള്ള സമയത്താണ് സംഭവമെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ഈ സമയം കോക്പിറ്റില്‍ പൈലറ്റും കോപൈലറ്റും ഉണ്ടായിരുന്നതായി ഡിഎഫ്എസ് പറയുന്നു. പൈലറ്റുമാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ജര്‍മന്‍ വ്യോമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മാസ്ട്രിച്ചിലുള്ള യൂറോ കണ്‍ടോള്‍ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഈ സംഭവത്തിന് അഞ്ചുദിവസം മുമ്പാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 എന്ന യാത്രാവിമാനം 239 യാത്രക്കാരുമായി അപ്രത്യക്ഷമായത്. ഈ വിമാനത്തിന്റെ തിരോധാനത്തേക്കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. വിമാനം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍