ബ്രോങ്ക്സ് ഇടവക ഫൊറോനയായി ഉയര്‍ത്തപ്പെട്ടു
Thursday, April 10, 2014 8:34 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയെ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫൊറോന ദേവാലയമായി ഉയര്‍ത്തി. ഇതനുസരിച്ചുളള കല്പന കഴിഞ്ഞ ഞായറാഴ്ച വി. കുര്‍ബാന മധ്യേ പളളികളില്‍ വായിച്ചു.

ഷിക്കാഗോ രൂപതയുടെ അജപാലന ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമവും ഗുണകരവും ആക്കുന്നതിന്റെ ഭാഗമായി രൂപതയിലെ 32 ഇടവകകളുടേയും 36 മിഷനുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒമ്പത് ഫൊറോനകളുടെ കീഴിലാക്കി കൊണ്ട് രൂപതാധ്യക്ഷന്‍ കഴിഞ്ഞ ആഴ്ച കല്‍പ്പനയിറക്കിയിരുന്നു.

ഇതനുസരിച്ച്, ബ്രോങ്ക്സ് ഫൊറോനയുടെ കീഴില്‍ ബോസ്റ്റന്‍, ഹാര്‍ട്ട് ഫോര്‍ഡ് (കണക്ടിക്കട്ട്), ബ്രൂക്കിലിന്‍, റോക്ക് ലാന്‍ഡ്, ഹെംസ്റ്റഡ് എന്നീ പളളികള്‍ വരും. ഫാ. ജോസ് കണ്ടത്തിക്കുടിയാണ് ഫൊറോന വികാരി. ഫാ. റോയിസന്‍ മേനോലിക്കല്‍ അസിസ്റ്റന്റ് വികാരിയും ആയിരിക്കും.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍ 2002 മാര്‍ച്ച് 24നാണ് ബ്രോങ്ക്സ് ഇടവക സ്ഥാപിതമായത്. അന്നു മുതല്‍ ഫാ. കണ്ടത്തിക്കുടി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു വരുന്നു.

പുതിയ ബ്രോങ്ക്സ് ഫൊറോനായുടെ ഔദ്യോഗികമായ ഉദ്ഘാടനം മേയില്‍ അവസാനം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി