മാതൃരാജ്യത്തിനുവേണ്ടി വോട്ട് ചോദിച്ച് ഐഒസി ഓസ്ട്രിയ
Thursday, April 10, 2014 8:30 AM IST
വിയന്ന: കേരളത്തിലെ പ്രചാരണം നിശബ്ദതയോടെ അസ്തമിച്ചപ്പോള്‍ മധ്യ യുറോപ്പിലും പൊതുതെരഞ്ഞെടുപ്പിന്റെ ശബ്ദായമാനമായ പ്രചാരണത്തിന് നാന്ദി കുറിച്ചു.

ഭാരതത്തിന്റെ നിലനില്‍പ്പിനും രാഷ്ട്രീയ സ്ഥിരതയ്ക്കും രാജ്യത്തിന്റെ സ്വന്തം രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ യുറോപ്പിലെ പ്രവാസികള്‍ ജന്മനാട്ടിലെ കുടുംബാംഗങ്ങളെ ആഹ്വാനം ചെയ്യണമെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

രാജ്യത്ത് സമാധാനവും സമൃദ്ധിയും സ്ഥിരപ്പെടുത്തണമെങ്കില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തണമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതടക്കം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ അവഗണിക്കണമെന്നും അക്രമ രാഷ്ട്രീയത്തിന്റെ അവസാന വാക്കായ എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വികസന സ്പര്‍ധക്കും എതിരായ വിധിയെഴുത്താവണം 2014 തെരഞ്ഞെടുപ്പെന്ന് ഐഒസി ഓസ്ട്രിയയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ജനറല്‍ സെക്രട്ടറി ബിജു മാളിയേക്കല്‍, വൈസ് പ്രസിഡന്റുമാരായ ജോളി കുര്യന്‍, വിന്‍സെന്റ് തടത്തില്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിതറ, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ ഐഒസി ഓസ്ട്രിയയ്ക്കുവേണ്ടി സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി