ജര്‍മനിയില്‍ ജഡ്ജി ചോദ്യോത്തരങ്ങള്‍ വിറ്റു ; ആയിരക്കണക്കിന് നിയമ ബിരുദധാരികളുടെ യോഗ്യത നഷ്ടമായേക്കും
Wednesday, April 9, 2014 8:00 AM IST
ബര്‍ലിന്‍: ആയിരക്കണക്കിന് ജര്‍മന്‍ നിയമ ബിരുദധാരികളുടെ വിദ്യാഭ്യാസ യോഗ്യത നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഒരു ജഡ്ജി അനേകം വിദ്യാര്‍ഥികള്‍ക്ക് ചോദ്യപ്പേപ്പറുകള്‍ പണം വാങ്ങി ചോര്‍ത്തിക്കൊടുത്തെന്നു വ്യക്തമായതിനെത്തുടര്‍ന്നാണിത്.

ചോദ്യോത്തര വില്‍പ്പന വെളിച്ചത്തായതോടെ ജര്‍മനിയില്‍നിന്ന് ഇറ്റലിയിലേക്ക് രക്ഷപെടാന്‍ ജഡ്ജി ശ്രമിച്ചെങ്കിലും അവിടെ അറസ്റിലായി. നാല്‍പ്പത്തെട്ടുകാരനായ ജോര്‍ജ് എല്‍ ആണ് പ്രതി. മിലാനിലെ ആഡംബര ഹോട്ടലില്‍നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലാകുമ്പോള്‍ ജഡ്ജിയുടെ പക്കല്‍ മുപ്പതിനായിരം യൂറോയും തിര നിറച്ച പിസ്റളും ഉണ്ടായിരുന്നു. കൂടെ ഇരുപത്താറുകാരിയായ ഒരു റൊമാനിയന്‍ സുന്ദരിയും. 2011 ല്‍ ലോവര്‍ സാക്സണ്‍ സംസ്ഥാനത്തില്‍ എക്സാം ബോര്‍ഡില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ജഡ്ജി ചോദ്യോത്തരങ്ങള്‍ വിറ്റതെന്നാണ് കരുതുന്നത്.

ഇയാളുടെ കബളിപ്പിക്കലില്‍ 2000 ഓളം നിയമവിദ്യാര്‍ഥികളുടെ ഭാവിയാണ് ഇപ്പോള്‍ ത്രാസിലാടുന്നത്. 12 പേരടങ്ങുന്ന റിവ്യൂയിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ വെളിച്ചത്തിലാവും ഈ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കുന്ന കാര്യത്തിലുള്ള തീരുമാനം ഉണ്ടാവുകയെന്ന് സംസ്ഥാന ജസ്റീസ് സെക്രട്ടറി വോള്‍ഫ്ഗാംങ് ഷൈബല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍