റിയാദ് വില്ലയുടെ കലാസന്ധ്യ 'ഗല 14'
Wednesday, April 9, 2014 5:49 AM IST
റിയാദ്: നിര്‍മാണ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് തലസ്ഥാന നഗരിയില്‍ സാന്നിധ്യം തെളിയിച്ച ഇന്ത്യന്‍ സംരഭമായ റിയാദ് വില്ലയുടെ അഞ്ചാം വാര്‍ഷികവും കലാസന്ധ്യയും 'ഗല 14' എന്ന പേരില്‍ അടുത്ത വ്യാഴാഴ്ച എക്സിറ്റ് 18 ന് അടുത്തുള്ള നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

റിയാദിലെ പ്രശസ്തമായ ഹൈവേകളുടേയും സ്റേഡിയങ്ങളുടേയും കെട്ടിടങ്ങളുടേയും നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തിയതിലൂടെ കുറഞ്ഞ കാലം കൊണ്ട് പേരും പ്രശസ്തിയും നേടിയെടുക്കാനും നഗരത്തിലെ മുന്‍നിര കമ്പനികളുടെ ഗണത്തിലേക്കെത്താനും സാധിച്ച റിയാദ് വില്ല പൂര്‍ണമായും ഒരു ഇന്ത്യന്‍ നിക്ഷേപക സ്ഥാപനമാണ്.

കമ്പനിയിലെ കഴിവു തെളിയിച്ച തൊഴിലാളികളേയും മാനേജ്മെന്റ് ജോലികള്‍ ചെയ്യുന്നവരേയും ആദരിക്കുന്ന ചടങ്ങിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനേയും ചടങ്ങില്‍ ആദരിക്കുന്നു. കൂടാതെ പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനും ശിഷ്യന്‍ നജീഷും അവതരിപ്പിക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. പ്രത്യേക ക്ഷണിതാക്കള്‍ക്കുവേണ്ടി മാത്രമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അഡ്മിന്‍ മാനേജര്‍ രാകേഷ് പാണയില്‍, പ്രോജക്ട് മാനേജര്‍ രതീഷ് ടി.പി, പ്രോജക്ട് കോഓര്‍ഡിനേററര്‍മാരായ എല്‍.കെ അജിത്, സനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍