'പ്രിയ ജോ, നിനക്കായ് ഈ വരികള്‍' പ്രകാശനം ചെയ്തു
Wednesday, April 9, 2014 5:00 AM IST
ന്യൂയോര്‍ക്ക്: സരോജ വര്‍ഗീസ് അവരുടെ ഭര്‍ത്താവ് മാത്യുവര്‍ഗീസിന്റെ (ജോയി, നിരണം) വേര്‍പാടില്‍ രചിച്ച 'പ്രിയ ജോ, നിനക്കായ് ഈ വരികള്‍'(ഓര്‍മ്മക്കുറിപ്പുകള്‍) എന്ന കൃതി അദ്ദേഹത്തിന്റെ ഒന്നാം ചരമ വര്‍ഷിക ചടങ്ങുകളോടൊപ്പം പ്രകാശനം ചെയ്തു.

ഏപ്രില്‍ ആറിന് ഞായാറാഴ്ച ഫ്ളോറല്‍പാര്‍ക്കിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ. എന്‍.പി. ഷീല പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് വന്ദ്യനായ ഫിലിപ്പ് സഖറിയ അച്ചന്‍ പരേതനുവേണ്ടി അനുസ്മരണ പ്രസംഗവും മനോഹരമായ ഒരു കൃതി തയ്യാറാക്കി പ്രിയതമന് ഒന്നാം ചരമവാര്‍ഷികോപഹാരമായി സമര്‍പ്പിച്ച സരോജയ്ക്ക് ആശംസകളും അര്‍പ്പിച്ചുകൊണ്ട്, വന്ദ്യനായ സഖറിയ വള്ളിക്കോലില്‍ അച്ചനു പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സഖറിയ അച്ചന്‍ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട്, വിശുദ്ധ മദ്ബഹാ ശുശ്രൂഷകനായിരുന്ന ജോയിച്ചനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ അനുസ്മരിച്ചു. ഒപ്പം സരോജ വര്‍ഗീസിനും കുടുംമ്പത്തിനും പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

സരോജയോടൊപ്പം മകന്‍ മജു, മരുമകള്‍ ജൂലി, കൊച്ചുമകന്‍ എവന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. വന്ദ്യവൈദികരുടേയും ഇടവകാംഗങ്ങളുടേയും പ്രാര്‍ത്ഥനക്കും സഹകരണത്തിനും മജുവും, ജൂലിയും നന്ദിരേഖപ്പെടുത്തി. സരോജ മറുപടിപ്രസംഗം നടത്തി. സഖറിയവള്ളിക്കോലില്‍ അച്ചന്‍, ഫിലിപ്പ്് സഖറിയാ അച്ചന്‍ ഇടവക ട്രഷറര്‍ ഷാജി ചാക്കോ, സെക്രട്ടറി അനിയന്‍ ഉമ്മന്‍, പരിപാടിയുടെ എം.സി. ആയിവര്‍ത്തിച്ച സജി എബ്രാഹാം പുസ്തകപരിചയം നടത്തിയ ഡോ.ഷീല ആശംസാപ്രസംഗം നടത്തിയ ക്യാപ്റ്റന്‍ സണ്ണി, ചടങ്ങില്‍ സംമ്പന്ധിച്ച ഇടവകയിലെ ആത്മീയസ്നേഹിതര്‍ എന്നിവര്‍ക്കും, തന്റെ ജീവിതത്തിനു താങ്ങും തണലുമായി നില്‍ക്കുന്ന കുടുമ്പാംഗങ്ങള്‍, സുഹ്രുത്തുക്കള്‍ എന്നിവര്‍ക്കും നന്ദിപറഞ്ഞു.

പുസ്തകത്തിന്റെകോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് സരോജ വര്‍ഗീസുമായിബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 718-347-3828. ഇ.മെയില്‍: മൃീെഷമ്മൃഴവലലെ@്യമവീീ.രീാ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം