റിയാദ് പയ്യന്നൂര്‍ സൌഹൃദവേദി കെ.എസ് രാജന്‍ പുരസ്കാരം മൊയ്തീന്‍ കുട്ടി തെന്നലക്ക്
Tuesday, April 8, 2014 8:13 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദ വേദിയുടെ മൂന്നാമത് കെ.എസ്. രാജന്‍ പുരസ്കാരം പ്രമുഖ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനായ മൊയ്തീന്‍ കുട്ടി തെന്നലക്ക് ലഭിച്ചു. ബത്ഹയിലെ റിംഫ് സെന്ററില്‍ സൌഹൃദവേദി ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെഎംസിസിയുടെ ജീവകാരുണ്യ സമിതി അംഗം കൂടിയായ മൊയ്തീന്‍ കുട്ടിക്ക് ഈ വര്‍ഷത്തെ പുരസ്കാരം നല്‍കുന്നതായി പ്രഖ്യാപിച്ചത്.

നിതാഖാത്തിനെത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ഇളവ് സമയത്ത് ഇന്ത്യന്‍ എംബസിയുടെ വോളന്റിയര്‍ എന്ന നിലയിലും കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവാസ ജീവിതകാലത്ത് മുഴുവനായും മൊയ്തീന്‍ കുട്ടി ചെയ്ത സേവനങ്ങള്‍ സമൂഹത്തിന്റേയും എംബസിയുടേയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ.എസ്. രാജന്റെ പേരില്‍ മൂന്നാമത്തെ വര്‍ഷമാണ് പയ്യന്നൂര്‍ സൌഹൃദ വേദി പുരസ്കാരം നല്‍കുന്നത്. മാധ്യമരംഗത്തും ജീവകാരുണ്യരംഗത്തും മികച്ച സേവന നല്‍കിയവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്കാരം നല്‍കിയത്.

എന്‍ആര്‍കെ ഫോറം ഭാരവാഹി വി.കെ മുഹമ്മദ് ചെയര്‍മാനും വി.ജെ നസറുദ്ദീന്‍, റശീദ് ഖാസ്മി, പി. സാമുവല്‍, ഡോ. രാജ്മോഹന്‍, കെ.പി അബ്ദുല്‍ മജീദ്, കെ.എം സനൂപ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. റിയാദിലെ ഒന്‍പത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി 110 നോമിനേഷനുകള്‍ ലഭിച്ചതായും ഇതില്‍ നിന്നുമാണ് തെന്നല മൊയ്തീന്‍ കുട്ടിയെ ജൂറി തെരഞ്ഞെടുത്തതെന്നും സെക്രട്ടറി കെ.എം സനൂപ് കുമാര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ്, സെക്രട്ടറി കെ.എം സനൂപ് കുമാര്‍, മുഖ്യ രക്ഷാധികാരി ഡോ. രാജ്മോഹന്‍, ജൂറി ചെയര്‍മാന്‍ വി.കെ മുഹമ്മദ്, പി. സാമുവല്‍, റഷീദ് ഖാസ്മി എന്നിവര്‍ പങ്കെടുത്തു. അടുത്ത മാസം നടക്കുന്ന പയ്യന്നൂര്‍ ഫെസ്റില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍