'സമ്മതിദാനവകാശം വിനിയോഗിക്കുന്നതില്‍ ബുദ്ധിപരമായ തീരുമാനങ്ങളുണ്ടാ വണം'
Tuesday, April 8, 2014 7:11 AM IST
ജിദ്ദ: സ്വതന്ത്ര ഇന്ത്യയുടെ മതേതര മുഖത്തിന് കനത്ത പ്രഹരങ്ങളേല്‍പ്പിച്ച് ഫാസിസം നടത്തുന്ന തേര്‍വാഴ്ച ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി കൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ വര്‍ത്തമാന സാഹചര്യത്തില്‍ വരും കാല ഇന്ത്യ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഓരോ ഇന്ത്യന്‍ പൌരന്റേയും ശക്തമായ ആയുധമെന്ന നിലക്ക് സമ്മതിദാനവകാശം വിനിയോഗിക്കുന്നതില്‍ ബുദ്ധിപരമായ തീരുമാനങ്ങളുണ്ടാ വണമെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പുതിയ മോഡി നല്‍കണോ, അതല്ല ഇന്ത്യന്‍ മതേതരത്വത്തിന് ശക്തി പകരണമോ എന്ന് നാം ഉറക്കെ ചിന്തിക്കണമെന്നും മദീനയില്‍ ചേര്‍ന്ന ഇസ്ലാഹി സെന്റര്‍ സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആഹ്വാനം ചെയ്തു.

സമീപ കാലത്ത് ലോക രാഷ്ട്രങ്ങളില്‍ ശക്തമായി വീശിയ സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യന്‍ സാമ്പത്തിക അടിത്തറ തകരാതെ അതിന്റെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ച പ്രവാസികള്‍ക്ക് കൂടി ഓരോ ഇന്ത്യക്കാരന്റേയും പൌരാവകാശമായ ഇന്ത്യയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുവാനുള്ള വോട്ടവകാശം അതാത് പ്രവാസ രാജ്യങ്ങളില്‍ തന്നെയുള്ള എമ്പസികള്‍ വഴി രേഖപ്പെടുത്തുവാനുള്ള സൌകര്യമേര്‍പ്പെടുത്തണമെന്നും ജനറല്‍ ബോഡി യോഗം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈതലവി അരിപ്ര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാന്‍ സലഫി കേരളക്കരയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും വരും കാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കെ.ഐ ജലാല്‍, അബ്ദുറഹ്മാന്‍ മദീനി, അബ്ദുറസാക്ക് സ്വലാഹി, അബൂബക്കര്‍ എടത്തനാട്ടുകര (റിയാദ്), ഷിഹാബ് സലഫി എടക്കര, അബാസ് ചെമ്പന്‍ (ജിദ്ദ), മുഹമ്മദ് കബീര്‍ സലഫി (ദമാം), അലി പത്തനാപുരം (ബുറൈദ) ഷംസുദ്ദീന്‍ കൊല്ലം, അബൂബക്കര്‍ മേഴാറ്റൂര്‍ (യാമ്പു), മുഹമ്മദ് സാലി (ത്വായിഫ്), അബ്ദുനാസര്‍ തിക്കോടി (മക്ക) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൈതലവി അരിപ്ര സ്വാഗതവും അബ്ദുറസാക്ക് സ്വലാഹി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍