കുപ്പിയിലടച്ച് കടലിലൊഴുക്കിയ സന്ദേശം നൂറ്റിയൊന്നു വര്‍ഷത്തിനുശേഷം സന്ദേശകന്റെ പൌത്രിക്കു ലഭിച്ചു
Tuesday, April 8, 2014 7:09 AM IST
ബര്‍ലിന്‍: കുപ്പിയിലടച്ച് നൂറ്റിയൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് കടലിലൊഴുക്കിയ സന്ദേശം ഒടുവില്‍ സന്ദേശകന്റെ കൊച്ചുമകളുടെ കൈവശമെത്തി. ജര്‍മനിയിലാണ് സംഭവം.

1913 മേയ് 17 ന് ബേക്കറിക്കാരന്റെ മകനും ഇരുപതുകാരനുമായ റിച്ചാര്‍ഡ് പ്ളാറ്റ്സ് എന്ന യുവാവാണ് സന്ദേശമടങ്ങിയ പോസ്റ് കാര്‍ഡ് ബിയര്‍കുപ്പിയിലടച്ച് കടലില്‍ എറിഞ്ഞത്. ഡാനിഷ് പോസ്റ് കാര്‍ഡില്‍ രണ്ടു ജര്‍മന്‍ സ്റാമ്പും പതിച്ചിരുന്നു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.ഇതു കണ്ടെടുക്കുന്നവര്‍ ഇതില്‍ കുറിച്ചിരിക്കുന്ന ബര്‍ലിന്‍ അഡ്രസില്‍ എത്തിക്കണം എന്ന്.

ജര്‍മനിയുടെ നോര്‍ത്തേണ്‍ സിറ്റിയായ കീല്‍ പ്രദേശത്തോടു ചേര്‍ന്നുള്ള ബാള്‍ട്ടിക് സമുദ്രത്തില്‍ നിന്നും മല്‍സ്യബന്ധനം നടത്തിയവര്‍ക്കാണ് സന്ദേശമടങ്ങിയ കുപ്പി ലഭിച്ചത്. അവര്‍ ഇത് ഹാംബുര്‍ഗിലെ അന്താരാഷ്ട്ര മാരിറ്റിം മ്യൂസിയത്തിന്റെ ഡയറക്ടര്‍ ഹോള്‍ഗര്‍ ഫോണ്‍ നൊയെഹോഫിന് കൈമാറി. അതിനുശേഷമാണ് ഇതിലെ മേല്‍വിലാസക്കാരിയെ കണ്ടെത്തുന്നത്. പ്ളാറ്റ്സിന്റെ കൊച്ചുമകളായ അറുപത്തിരണ്ടു വയസുള്ള ബര്‍ലിനില്‍ താമസമാക്കിയ അംഗലാ എര്‍ഡ്മാന്‍ എന്നയാളിനെ തേടി കാര്‍ഡ് എത്തിയത്. ഹാംബുര്‍ഗ് മ്യൂസിയം അധികാരികള്‍ ബ്രൌണ്‍ നിറത്തിലുള്ള കുപ്പിയും അതിലുണ്ടായിരുന്ന കാര്‍ഡും എര്‍ഡ്മാന് കൈമാറുകയായിരുന്നു. സന്ദേശം കൈപ്പറ്റിയ എര്‍ഡ്മാന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് പ്രതികരിച്ചു. ഇത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണെന്നും എനിക്കിത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും. ബര്‍ലിനില്‍ ജീനിയോളജിക്കല്‍ റിസര്‍ച്ചറായി ജോലി ചെയ്യുന്ന എര്‍ഡ്മാന്റെ അമ്മയുടെ പിതാവായ പ്ളാറ്റ്സ് 1946 ല്‍ 54 -ാം വയസിലാണ് മരിച്ചതെന്ന് മ്യൂസിയം വക്താവിനോടു പറഞ്ഞു. പിതാമഹനുമായി അത്രവലിയ അടുപ്പമൊന്നും എര്‍ഡ്മാനുണ്ടായിരുന്നില്ല എന്നും എന്നാല്‍ ഈ സന്ദേശം എന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്ളാറ്റ്സിന്റെ പഴയ കുറിപ്പുകളും കുപ്പിയിലെ കാര്‍ഡിലെ കുറിപ്പും ഒത്തുനോക്കിയാണ് തന്റെ പിതാമഹന്റെ സന്ദേശമാണ് കൈപ്പറ്റിയതെന്ന് എര്‍ഡ്മാന്‍ സ്ഥിരീകരിച്ചു.

മേയ് ഒന്നുവരെ കുപ്പിയും സന്ദേശവും ഇപ്പോള്‍ ഹാംബുര്‍ഗ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഇത്തരത്തിലുള്ള സന്ദേശം ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ് ബുക്കില്‍ എഴുതിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് മ്യൂസിയം അധികാരികള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍