മുസ്ലിം ലീഗ് ചരിത്ര വിജയം നേടും: കായല്‍ മെഹബൂബ്
Tuesday, April 8, 2014 7:05 AM IST
റിയാദ്: ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുമെന്ന് മുസ്ലിംലീഗ് ദേശീയസമിതി അംഗവും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായ കായല്‍ മെഹബൂബ് പറഞ്ഞു. റിയാദ് കോഴിക്കോട് ജില്ലാ കെഎംസിസി ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിലെ വെല്ലൂരും കേരളത്തിലെ മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലും മുസ്ലിംലീഗ് ചരിത്രംവിജയം നേടും. കേരളത്തിലെ ന്യൂനപക്ഷം വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുസ്ലിംലീഗിന്റെ സാന്നിധ്യംകൊണ്ട് നേടിയെടുത്തതാണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും മുസ്ലിംലീഗ് ന്യൂനപക്ഷ പുരോഗതിക്കായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അബ്ദുനാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കോയ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, തേനുങ്ങല്‍ അഹമ്മദ്കുട്ടി, അബൂബക്കര്‍ പയ്യാനക്കല്‍, ഖാഇദെമില്ലത്ത് പേരവൈ നേതാക്കളായ ഖാജാ നജ്മുദ്ദീന്‍, മുഹമ്മദ് നാസര്‍ ലാല്‍പേട്ട് പ്രസംഗിച്ചു. റാഷിദ് ദയ, അഷ്റഫ് കുന്ദമംഗലം എന്നിവര്‍ കായല്‍ മെഹബൂബിനെ ഷാള്‍ അണിഞ്ഞ് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരി സ്വാഗതവും ഇസ്മായില്‍ പന്നൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍