ക്നാനായ കണ്‍വന്‍ഷന് റിക്കാര്‍ഡ് രജിസ്ട്രേഷന്‍
Tuesday, April 8, 2014 7:03 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെ പര്യായമായ ക്നാനായ കണ്‍വന്‍ഷന് ഇത്തവണ റിക്കാര്‍ഡ് രജിസ്ട്രേഷന്‍. ജൂലൈ മൂന്നു മുതല്‍ ആറു വരെ ഷിക്കാഗോയിലെ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന് മുന്‍കാലങ്ങളിലൊന്നും ലഭിക്കാത്ത റിക്കാര്‍ഡ് രജിസ്ട്രേഷനാണ് ലഭിച്ചത്. മാര്‍ച്ച് 31 ന് രജിസ്ട്രേഷന്‍ അവസാനിച്ചപ്പോള്‍ 1198 കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്തു. കണ്‍വന്‍ഷനില്‍ രജിസ്റര്‍ ചെയ്ത മുഴുവന്‍ കുടുംബങ്ങളെയും കെസിസിഎന്‍എ എക്സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറവും കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുവേണ്ടി ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലും അഭിനന്ദിച്ചു. കഴിഞ്ഞകാല കണ്‍വന്‍ഷനുകളെല്ലാം കടത്തിവെട്ടി വടക്കേ അമേരിക്കയിലെ ക്നാനായ മക്കള്‍ ഒറ്റക്കെട്ടായി ഈ സംഘടനയോടും സമുദായത്തോടുമുള്ള സ്നേഹവും കൂട്ടായ്മയും പ്രകടിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്രയധികം രജിസ്ട്രേഷന്‍ വരുവാന്‍ കാരണമായതെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ രജിസ്ട്രേഷന് നേതൃത്വം നല്‍കിയ ജോജോ ആനാലിയുടെയും വെബ്സൈറ്റിലൂടെ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ നൂറു ശതമാനവും പൂര്‍ത്തീകരിച്ച റ്റെഡി മുഴയന്മാക്കലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രശംസിച്ചു. കണ്‍വന്‍ഷന്റെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പൂര്‍ണതൃപ്തിയാണ് ഉള്ളതെന്നും ഇനി കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തിരക്കിട്ട ദിനങ്ങളാണെന്നും കെസിസിഎന്‍എ സെക്രട്ടറി ആന്റോ കണ്േടാത്ത് പറഞ്ഞു. കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ റിക്കാര്‍ഡ് രജിസ്ട്രേഷന്‍ ആതിഥേയത്വം വഹിക്കുന്ന ഷിക്കാഗോ യൂണിറ്റില്‍നിന്നും കൊണ്ടുവരുവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്െടന്ന് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.

കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന ഒരു കണ്‍വന്‍ഷന്‍ പ്രദാനം ചെയ്യുവാന്‍ മുഴുവന്‍ കമ്മിറ്റികളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും ആയതിനാല്‍ മുഴുവന്‍ കമ്മിറ്റി അംഗങ്ങളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനായി കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലും ടോമി മ്യാല്‍ക്കരപുറവും സിറിയക് കൂവക്കാട്ടിലും ജോര്‍ജ് തോട്ടപ്പുറവും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍