ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിനു നന്ദി പറഞ്ഞ് പ്രസിഡന്റ് റൂഡി കാസ്കെ
Monday, April 7, 2014 7:04 AM IST
വിയന്ന: ഓസ്ട്രിയയിലെ തൊഴിലാളി വര്‍ഗത്തിനുവേണ്ടി സ്ഥാപിതമായിട്ടുള്ള സാമൂഹ്യ,രാഷ്ട്രീയ സംഘടനയായ ആര്‍ബൈതര്‍ കാമറിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുശേഷം നടന്ന നന്ദിപ്രമേയത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് റൂഡി കാസ്കെ ജീവനക്കാര്‍ക്ക് കൃതജ്ഞത അറിയിച്ചു. നന്ദി പ്രമേയത്തില്‍ അദ്ദേഹം ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെയും ഓര്‍മിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

ഓസ്ട്രിയയിലെ പ്രധാന ഭരണപക്ഷമായ ജനാധിപത്യസോഷ്യലിസ്റു പാര്‍ട്ടിയുടെ സംഘടനയായ എഫ്എസ്കെ 58.73 ശതമാനം വോട്ടുകളുമായി കേവല ഭൂരിപക്ഷത്തോടെയാണ് തുടര്‍ച്ചയായി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തെ വിജയത്തെക്കാളും 2.33 ശതമാനം കൂടുതലാണ്. തുടര്‍ച്ചയായ വിജയവും ഓരോ തവണയും വര്‍ദ്ദിക്കുന്ന വിജയ ശതമാനവും കാസ്കെയുടെ പാര്‍ട്ടിയുടെയും വിശ്വാസ്യത വിയന്നയിലെ തൊഴിലാളി വിഭാഗത്തില്‍ കൂടുതലാകുന്നു എന്നതിന്റെ തെളിവ് കൂടിയായി ഈ വിജയം.

'തൊഴിലാളികളുടെ പാര്‍ലമെന്റ്' എന്ന് വിശേഷിപ്പിക്കുന്ന ആര്‍ബൈതര്‍ കാമര്‍ തെരഞ്ഞെടുപ്പ് എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. തൊഴിലാളികളുടെ നീതിയുടെ ശബ്ദത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കാനും അവരുടെ താത്പര്യം സംരക്ഷിക്കാനും ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ബൈതര്‍ കാമര്‍ ഓസ്ട്രിയയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ സംഘടനകളില്‍ മുനിരയിലാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി