കേഫാക്ക് ഫഹാഹീല്‍ ബ്രദേഴ്സ് സെവന്‍സ് ടൂര്‍ണമെന്റ് : സിഎഫ്സി സാല്‍മിയ ജേതാക്കള്‍
Monday, April 7, 2014 7:01 AM IST
കുവൈറ്റ്: കേഫാക്കിന്റെ നേതൃത്വത്തില്‍ ഫഹാഹീല്‍ ബ്രദേഴ്സ് ഫഹാഹീല്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തില്‍ നടത്തിയ ഏകദിന സെവന്‍സ് ടൂര്‍ണമെന്റില്‍ സിഎഫ്സി സാല്‍മിയ ജേതാക്കളായി.

കുവൈറ്റിലെ 16 ഓളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശജ്വലമായ മത്സരങ്ങള്‍ക്കാണ് സ്റേഡിയം സാക്ഷ്യം വഹിച്ചത്.

സെവന്‍സ് ഫുട്ബാളിന്റെ എല്ലാ മനോഹാരിതയും ഒത്തിണങ്ങിയ ഗ്രൂപ്പുതല മത്സരത്തില്‍ നിന്നും സിഎഫ്സി സാല്‍മിയ, ബിഗ് ബോയ്സ്, രൌദ ചാലഞ്ചേഴ്സ്, സോക്കര്‍ കേരള എന്നീ ടീമുകളാണ് സെമി ഫൈനല്‍ കളിക്കുവാന്‍ യോഗ്യത നേടിയത്. ഒഴിവുദിവസമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ സന്നിഹിതരായിരുന്ന സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് തലത്തിലെ മികച്ച ഫോം തുടര്‍ന്ന ബിഗ് ബോയ്സും സിഎഫ്സി സാല്‍മിയയും ഫൈനലിലേക്ക് മാര്‍ച്ച്പാസ്റ് ചെയ്യുകയായിരുന്നു. പന്തുകളിയുടെ സുന്ദരമുഹൂര്‍ത്തങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ച ഫൈനല്‍ മത്സരത്തില്‍ പൊരുതിക്കളിച്ച ബിഗ് ബോയ്സിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തി സിഎഫ്സി സാല്‍മിയ ടൂര്‍ണമെന്റ് ജേതാക്കളാവുകയായിരുന്നു. മുന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ രൌദ ചാലഞ്ചേഴ്സ് സോക്കര്‍ കേരളയെ കീഴടക്കി. ടൂര്‍ണമെന്റിലുടനീളം ഉജ്വലമായി പന്ത് തട്ടിയ സിഎഫ്സി സാല്‍മിയയുടെ മുഹമ്മദ് ഷഹീദിന് ബെസ്റ് പ്ളയര്‍ അവാര്‍ഡ് ലഭിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ സിഎഫ്സി സാല്‍മിയയുടെ റഫീക്കിന് ടോപ്പ് സ്കോറര്‍ അവാര്‍ഡും ടൂര്‍ണമെന്റിലുടനീളം ബാറിന് കീഴില്‍ അത്യുജ്ജല പ്രകടനം കാഴ്ചവച്ച സിഎഫ്സി ഗോള്‍കീപ്പര്‍ കൊച്ചുമോന്‍ ബെസ്റ് ഗോള്‍ കീപ്പര്‍ പട്ടവും പ്രതിരോധത്തിന്റെ മലകോട്ട കെട്ടിയ രൌദ ചാലഞ്ചെര്‍സിന്റെ ആരിഫിന് ഏറ്റവും നല്ല ഡിഫന്‍ഡര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫി ഹൈടെക് എന്‍ജിനിയറിംഗ് കമ്പനി ജനറല്‍ മാനേജര്‍ വിനോദും റണ്ണര്‍ അപ്പിനുള്ള ട്രോഫി വര്‍ബ കമ്പനി പ്രതിനിധി രാജുവും മുന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി പിസ ഇന്‍ പ്രതിനിധി ശാന്തന്‍ കുമാറും കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ റിക്കാറോ ഇന്റര്‍നാഷണല്‍ പ്രതിനിധി ഫിറോസ് ബാബുവും കേഫാക്ക് ഭാരവാഹികളും സമ്മാനിച്ചു.

മുന്‍ കേരള സന്തോഷ് ട്രോഫി താരം സി.ഒ ജോണ്‍, കേഫാക്ക് റഫറിമാര്‍ മത്സരങ്ങള്‍ നിയന്തിച്ചു. കേഫാക്ക് ഭാരവാഹികളായ അബ്ദുള്ള കാദിരി, വി.എസ് നജീബ്, സമിയുള്ള , നൌെഷാദ് വളാഞ്ചേരി, ഗുലാം അലി, ആഷിക്ക് കാദിരി, ഫഹാഹീല്‍ ബ്രദേഴ്സ് ക്ളബ് പ്രസിഡന്റ് സഫറുള്ള, ക്ളബ് മാനേജര്‍ സിദ്ധിക്ക്, വോളന്റിയര്‍ ക്യാപ്റ്റന്‍ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍