'ശക്തി പരീക്ഷിക്കാന്‍ ഇറങ്ങിയവര്‍ മോദിക്ക് വഴിയൊരുക്കുന്നു'
Monday, April 7, 2014 6:59 AM IST
റിയാദ്: ഫാസിസ്റ് ശക്തികള്‍ ദില്ലിയുടെ ചെങ്കോല്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോഴും കേരളത്തില്‍ ഈ അടുത്ത കാലത്ത് മുളപൊട്ടിയ മുസ്ലിം നാമധാരികളായ സംഘടനകള്‍ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ലാഘവത്തോടെ പരസ്പരം ചെളിവാരിയെറിഞ്ഞ് നടത്തുന്ന ശക്തി പരീക്ഷണം പരോക്ഷമായി നരേന്ദ്രമോഡിക്ക് വഴിയൊരുക്കാന്‍ മാത്രമേ ഗുണകരമാവുകയുള്ളൂവെന്ന് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു,

നിരപരാധികളായ സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടക്കം അയ്യായിരത്തോളം മനുഷ്യരെ ചുട്ടു കൊന്ന കലാപത്തിന് നേതൃത്വം നല്‍കിയവരും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ന്യൂനപക്ഷ പദ്ധതി പോലും തന്റെ സംസ്ഥാനത്ത് നടപ്പാക്കാത്തവരുമായ സംഘപരിവാര്‍ ശക്തികള്‍ക്ക് രാജ്യത്തിന്റെ ഭരണം സമ്മാനിക്കാനാണ് ഇത്തരം നീക്കങ്ങള്‍ കാരണമാവുക.

ബാബറി മസ്ജിദിന്റെ പതനത്തിനുശേഷം രാജ്യത്തെ മുസ്ലിങ്ങള്‍ പരസ്പരം ഭിന്നിച്ച് തമ്മിലടിച്ചപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ ഒന്നിച്ച് നിന്ന് അധികാരത്തിലേറിയ വേദനിപ്പിക്കുന്ന സത്യം നമുക്ക് മറക്കാന്‍ സമയമായിട്ടില്ല, വീണ്ടും അത്തരം സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമാണ് ഇല്ലാത്ത മൂന്നാം മുന്നണിയെക്കുറിച്ചു പറയുന്ന ഇടതു പക്ഷവും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുതിയ സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കാന്‍ കാരണമായ ദേശീയ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും ലോക്പാല്‍ ബില്ലും, വിദ്യാഭ്യാസ അവകാശ നിയമവും, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടും അനുബന്ധ നടപടികളും യുപിഎ ഗവണ്‍മെന്റിന്റെ അഭിമാന നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. സൌദി അറേബ്യയിലെ പ്രവാസി സമൂഹം നിതാഖാത്തുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ ആദ്യം ഇവിടേക്ക് ഓടിയെത്തിയത് ഇ.അഹമ്മദ് അടക്കമുള്ള നമ്മുടെ കേന്ദ്ര മന്ത്രിമാരായിരുന്നു. പിന്നീട് രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഒരു രേഖയുമില്ലാതെ വര്‍ഷങ്ങളായി കഷ്ടപ്പെട്ടിരുന്നവരും ഹുറൂബ് കെണിയില്‍ അകപ്പെട്ടവരുമടക്കം ലക്ഷക്കണക്കിന് പേര്‍ക്ക് നാട്ടില്‍ പോകാനും വീണ്ടും ആവശ്യമെങ്കില്‍ തിരിച്ചു വരുന്നതിനും സാധിക്കുകയുണ്ടായി. പ്രസ്തുത പൊതുമാപ്പിന് പിന്നില്‍ കാരണമായി വര്‍ത്തിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ ക്രിയാത്മക ഇടപെടലുകളായിരുന്നുവെന്ന് അറബ് പത്രങ്ങളും സൌദി തൊഴില്‍ മന്ത്രിയും പ്രശംസിക്കുകയുണ്ടായി. ഇക്കാലയളവില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം രാവും പകലും നമ്മുടെ പൌരന്മാര്‍ക്ക് സേവനം ലഭിക്കുംവിധം എംബസിയെയും കോണ്‍സുലേറ്റുകളെയും പ്രവര്‍ത്തന സജ്ജമാക്കിയതും യുപിഎ ഗവണ്‍മെന്റില്‍ കേരളത്തില്‍ നിന്നുണ്ടായ സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്.

കേന്ദ്ര പദ്ധതിയായി അലീഗഡ് യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് മലപ്പുറത്ത് എത്തിയതും ഇഫ്ളൂ കാമ്പസ് പാണക്കാട്ട് ആരംഭിച്ചതും മലപ്പുറത്തിന്റെ അഭിമാനമായ പാസ്പോര്‍ട്ട് ഓഫീസും പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജും മലബാറിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും നൂറുക്കണക്കിനു വിദേശ വിമാന സര്‍വീസുകളും തലയെടുപ്പോടെ നില്‍ക്കുന്ന ഹജ്ജ് ഹൌസും മലപ്പുറത്തെ ജനലക്ഷങ്ങളുടെ ഫുട്ബോള്‍ ആവേശത്തിന് മുഖം നല്‍കിയ പയ്യനാട് സ്റ്റേഡിയവും തുടങ്ങി മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത വികസന കുതിപ്പാണ് വിശിഷ്യാ മലബാറിന് യുപിഎ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചത്.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള എല്ലാ പരിരക്ഷകളും എടുത്തു കളയണമെന്ന അജണ്ടയുമായി മുന്നേറുന്ന വര്‍ഗീയ ഫാസിസ്റ് സംഘടനയായ ആര്‍എസ്എസിന്റെ നോമിനി നരേന്ദ്ര മോഡിയെ തടുക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു രാഷ്ട്രീയ ശക്തി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതരമുന്നണിയാണ് എന്നിരിക്കെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ബാലിശമായ പ്രാദേശിക ചിന്തകള്‍ മാറ്റിവച്ച് യുപിഎ ഗവണ്‍മെന്റിനെ തിരിച്ച് കൊണ്ടുവരാന്‍ ഒറ്റക്കെട്ടായി മതേതര ചേരിയോടൊപ്പം അണിനിരക്കണമെന്നും പരസ്പരം ഭിന്നിപ്പിച്ചു ഫാസിസത്തിന് വഴിയൊരുക്കാന്‍ ഇറങ്ങി തിരിച്ചവരെ തൂത്തെറിയാന്‍ പ്രവാസി സമൂഹത്തിന്റെ കുടുംബങ്ങളുടെ മുഴുവന്‍ വോട്ടുകളും വിനിയോഗിക്കണമെന്നും കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍