'ഇരുമുണികളുടെയും കോര്‍പ്പറേറ്റുകളോടുള്ള വിധേയത്വം ഇന്ത്യക്ക് ആപത്തെന്ന് തിരിച്ചറിയണം'
Monday, April 7, 2014 6:58 AM IST
റിയാദ്: ദേശീയ രാഷ്ട്രീയത്തിലെ ഇരു മുണികളായ യുപിഎയുടെയും എന്‍ഡിഎയുടെയും വിധേയത്വം സമ്മതിദായകരായ സാധാരണക്കാരായ ജനങ്ങളോടല്ലെന്നും വിവിധ കോര്‍പ്പറേറ്റ് ശക്തികളോടാണെന്നും ഇത് രാജ്യത്തിന് ആപത്താണെന്നും ഭാവിയില്‍ വിദേശ ശക്തികളുടെ നിയന്ത്രണത്തിലെത്തിച്ചേരാനും രാഷ്ട്രം വെട്ടിമുറിക്കാനും ഇടവരുത്തിയേക്കാമെന്നും ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു.

ആള്‍ദൈവങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആവിഷ്കാരസ്വാതന്ത്രത്തിനെതിരായ തീരുമാനം സത്യം മൂടിവച്ച് സാമൂഹിക ബാധ്യതയില്‍ നിന്നും പിന്മാറി സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കാനുള്ള ശ്രമമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള ന്യൂഏജ് ഇന്ത്യാ സാംസ്കാരികവേദിയുടെ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍, സ്ഥാനാര്‍ഥികളായ സത്യന്‍ മൊകേരി, സി.എന്‍.ജയദേവന്‍ എന്നിവര്‍ ഫോണിലൂടെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു.

ഇടതുപക്ഷത്തിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിയന്ത്രണ ശക്തിയാകാന്‍ കഴിയാതിരുന്നതും മന്‍മോഹന്‍ സര്‍ക്കാര്‍ അടിസ്ഥാനവര്‍ഗത്തെ മറ്റ് കുത്തകകളുമായി സന്ധിചെയ്ത് അവരുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതുമാണ് എണ്ണിയാല്‍ തീരാത്ത കോടികളില്‍ അഴിമതിയെത്തിയിരിക്കുന്നതിന് കാരണം. പെട്രോളിയം കമ്പനികളുടെ നിയന്ത്രണം മാറ്റിയതും സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി കത്തകകളെ ഏല്‍പ്പിച്ചതുമാണ് രാജ്യത്ത് ശക്തമായ വിലക്കയറ്റത്തിനിടയായത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശഹത്യയില്‍ ഒരിക്കല്‍ പോലും ഖേദം പ്രകടിപ്പിക്കാന്‍ തയാറാവാത്ത വ്യക്തി, കുത്തകകള്‍ നല്‍കുന്ന പ്രചാരണ കോലാഹലങ്ങളിലൂടെ ഫോട്ടോഷോപ്പ് വികസനവുമായി മതേതര ഇന്ത്യയുടെ പ്രാധാനമന്ത്രിയാകാന്‍ കൊതിക്കുകയാണെന്നും അദ്ദേഹം രാഷ്ട്രത്തിന്റെ ദേശീയ മതേതര ഐക്യം അറുകൊല ചെയ്യുമെന്ന് നാം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപെട്ടു.

ന്യൂഏജ് പ്രസിഡന്റ് അബൂബക്കര്‍ പാാെനി അധ്യക്ഷത വഹിച്ചു. സക്കീര്‍ വടക്കുംതല, ഷാജഹാന്‍ കായംകുളം, ഫിറോസ് ചെമ്പാല എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സക്കറിയ പുറക്കാട് സ്വാഗതവും രാജന്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍