കുവൈറ്റിലെ പ്രവാസി മലയാളികള്‍ പ്രതീകാത്മക വോട്ടെടുപ്പിലൂടെ പ്രതിഷേധം സംഘടിപ്പിക്കുന്നു
Monday, April 7, 2014 6:55 AM IST
കുവൈറ്റ് സിറ്റി : രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസ മണ്ണില്‍ നിന്നുകൊണ്ട് വോട്ടു ചെയ്യാന്‍ അനുവദിക്കുക എന്ന ന്യായമായ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ പ്രതീകാത്മക വോട്ടെടുപ്പിലൂടെ പ്രതിഷേധം തീര്‍ക്കാനൊരുങ്ങുകയാണ് കുവൈറ്റിലെ പ്രവാസി മലയാളികള്‍.

ലുഃമ്യായീഹശര്ീശിേഴ.രീാ എന്ന സൈറ്റിലൂടെ നാട്ടിലെ തങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളിലോരാള്‍ക്ക് പ്രതീകാത്മകമായി വോട്ട് ചെയ്യാനും അതോടൊപ്പം കുവൈറ്റില്‍ നിന്ന് ഒരു പ്രവാസി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്യാനുമുളള അവസരമാണ് ഒരുങ്ങുന്നത്. കുവൈറ്റിലെ പ്രവാസി പ്രതിനിധിക്കായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നില അപ്പപ്പോള്‍ അറിയാം. നാട്ടിലെ മണ്ഡലങ്ങളിലേയ്ക്കായി നടക്കുന്ന പ്രതീകാത്മക തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിനാല്‍ മേയ് 12 നേ പുറത്ത് വിടൂ.

സിവില്‍ ഐഡി നമ്പരും മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക. ഒരു പ്രാവശ്യം ഉപയോഗിച്ച സിവില്‍ ഐഡി നമ്പറോ മൊബൈല്‍ ഫോണ്‍ നമ്പറോ പിന്നീട് ഉപയോഗിക്കാന്‍ അനുവദിക്കില്ല.

കുവൈറ്റ് പ്രതിനിധിക്കായുള്ള നാമ നിര്‍ദേശം സംഘടനകളില്‍ നിന്നും സ്വതന്ത്രരില്‍ നിന്നുമായി ഏപ്രില്‍ എട്ടു വരെ സ്വീകരിക്കും. ഒമ്പതിന് സൂക്ഷ്മ പരിശോധനക്ക് ശേഷം, ആദ്യം ലഭിച്ച സ്വീകാര്യമായതും പൂര്‍ണമായതുമായ പത്തു പത്രികകള്‍ ഉള്‍പ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഏപ്രില്‍ പത്തു മുതല്‍ മേയ് പത്തു വരെ. ഓണ്‍ലൈന്‍ വോട്ടിംഗ് സൌകര്യത്തിനു പുറമേ ജനകീയ വോട്ടെടുപ്പിനുവേണ്ടി ഏപ്രില്‍ 18, 25, മേയ് രണ്ട്, ഒമ്പത് എന്നീ തീയതികളിലായി അബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സാല്‍മിയ,അങ്കാറ മേഖലകളിലായി ജനകീയ പോളിംഗ് ബൂത്തുകളും ഏര്‍പ്പെടുത്തുന്നുണ്ട്. വെല്‍ഫെയര്‍ കേരള കുവൈറ്റാണ് പ്രതീകാത്മക വോട്ടെടുപ്പിന്റെ സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.വി മുജീബുള്ള 99861987, അബ്ദുറഹ്മാന്‍ 97221569, ഖലീല്‍ റഹ്മാന്‍ 50222602.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്