സോഫിയ അക്കരയ്ക്ക് ജര്‍മന്‍ ഡാന്‍സ് ചലഞ്ച് പുരസ്കാരം
Saturday, April 5, 2014 8:23 AM IST
കൊളോണ്‍: ജര്‍മന്‍ ടിവി ഷോയില്‍ സൂപ്പര്‍ സ്റാര്‍ പട്ടത്തിനുവേണ്ടി ടോപ്പ് ടെന്നില്‍ മല്‍സരിച്ച സ്വിറ്റ്സര്‍ലന്‍ഡ് മലയാളി രണ്ടാം തലമുറക്കാരി സോഫിയ അക്കര ഡാന്‍സ് ചലഞ്ച് പുരസ്കാരം നേടി.

ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായ സോഫിയ, ഡാന്‍സ് ചലഞ്ചില്‍ സുസുക്കി കമ്പനിയുടെ ഒരു കാറും 5,000 യൂറോയും സമ്മാനമായി നേടി.

ജര്‍മനിയിലെ പ്രശസ്ത ഗായകനും ഷോ മാസ്ററുമായ ഡീറ്റര്‍ ബോലന്‍ നടത്തുന്ന 'ഡോയ്റ്റ്ഷ്ലാന്റ് സൂഹ്റ്റ് ഡെന്‍ സൂപ്പര്‍സ്റാര്‍' (ഡിഎസ്ഡിഎസ്) (ജര്‍മനി സൂപ്പര്‍സ്റാറിനെ തേടുന്നു) എന്ന കാസ്റിംഗ് ഷോ മല്‍സരത്തിലാണ് സോഫിയ ഒന്‍പതു പേരുമായി മാറ്റുരച്ചത്.

3.7 മില്യന്‍ പ്രേക്ഷകരാണ് ഷോയുടെ ലൈവ് സംപ്രേക്ഷണം ആസ്വദിച്ചത്. മല്‍സരത്തില്‍ പ്രേക്ഷകരുടെ ഫോണ്‍ കോളും എസ്എംഎസും വഴിയുമാണ് സമ്മാനം കരസ്ഥമാക്കിയത്. ഡീറ്റര്‍ ബോലന്‍ ചീഫ് ജഡ്ജായ ജൂറിയില്‍ കായി വണ്‍, മറിയാനെ റോസന്‍ബര്‍ഗ്, മീസെ എന്നിവരാണ് അംഗങ്ങള്‍. നാസാന്‍ എക്കസ് ആണ് ഷോയുടെ അവതാരക.

കൊളോണ്‍ ആസ്ഥാനമായുള്ള ആര്‍ടിഎല്‍ (ഞഠഘ) എന്ന സ്വകാര്യ ചാനലാണ് ലൈവ് ഷോ നടത്തിയത്. ഏതാണ്ട് നാലുമണിക്കുറോളം നീണ്ടു നിന്ന മല്‍സരത്തില്‍ സോഫിയ, എ.ആര്‍ റഹ്മാന് ഒസ്കാര്‍ പട്ടം നേടിക്കൊടുത്ത 'ജെയ്ഹോ' എന്ന ഗാനവും ആലപിച്ചു. സോഫിയയുടെ ആലാപനം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഡാന്‍സ് ഏവരേയും ആകര്‍ഷിച്ചു. ജര്‍മന്‍ ടിവി ഷോയില്‍ ഇത്തരമൊരു പരിപാടിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ മലയാളിയാണ് സോഫിയ. അതുകൊണ്ടു തന്നെ സോഫിയ മലയാളികളുടെ അഭിമാനമായി മാറി. ചെറുപ്പത്തിലെ തന്നെ പാട്ടും നൃത്തവും അഭ്യസിച്ചുതുടങ്ങിയ സോഫിയ സ്വിറ്റ്സര്‍ലന്‍ഡിലെ നൃത്തവേദികളില്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സും ബോളിവുഡ് ഡാന്‍സും അവതരിപ്പിക്കുന്നു. കീബോര്‍ഡ് അനായാസം കൈകാര്യം ചെയ്യുന്ന ഈ കലാകാരി ചര്‍ച്ച് മ്യൂസിക്കിലും നിറസാന്നിധ്യമാണ് അറിയിക്കുന്നത്.

ഡിഎസ്ഡിഎസ് ഷോയുടെ മുന്‍ മല്‍സരങ്ങളില്‍ ജഡ്ജിംഗ് പാനലിന്റെ കമന്റുകള്‍ സോഫിയയുടെ മുന്നേറ്റത്തെ ഏറെ സഹായിച്ചിരുന്നു. സംഗീതവും നൃത്തവും അഭിനയവും വസ്ത്രധാരണവും രസികതയും വാചാലതയും മറ്റും അളവുകോലാക്കിയാണ് ഈ മല്‍സരത്തില്‍ പോയിന്റുകള്‍ നിര്‍ണയിക്കുന്നത്. ഭാരത സ്ത്രീകളുടെ ലാളിത്യം തുളുമ്പുന്ന രീതിയില്‍ പാരമ്പര്യ വസ്ത്രമായ സാരിയണിഞ്ഞ് ആകര്‍ഷണീയതയോടെ ഒരുതവണ സോഫിയ വേദിയിലെത്തിയിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ താമസിക്കുന്ന ഇരുപതുകാരിയായ സോഫിയ ബേണ്‍ യൂണിവേഴ്സിറ്റിയില്‍ നിയമ ബിരുദ വിദ്യാര്‍ഥിനിയാണ്. ബേണില്‍ ഗ്രോസറിയും സൂപ്പര്‍മാര്‍ക്കറ്റും നടത്തുന്ന തൃശൂര്‍ സ്വദേശി അലക്സ് അക്കരയുടെയും മാളക്കാരി സൂസയുടെയും മൂന്നു മക്കളില്‍ മൂത്തവളാണ് സോഫിയ. നഴ്സായിരുന്ന സൂസ ഇപ്പോള്‍ ബസിനസില്‍ അലക്സിനെ സഹായിക്കുന്നു. ഒഴിവു സമയങ്ങളില്‍ താനും പിതാവിനെ സഹായിക്കുമെന്നു സോഫിയ പറഞ്ഞു. സോഫിയയ്ക്കു രണ്ടു സഹോദരികള്‍ കൂടിയുണ്ട്. ജൂലിയയും സംഗീതയും.

ബുധനാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ഡിഎസ്ഡിഎസ് മല്‍സരത്തിന്റെ ലൈവ് സംപ്രേക്ഷണം നടക്കുന്നത്. 45 മുതല്‍ 150 മിനിറ്റുവരെയാണ് സംപ്രേക്ഷണത്തിന്റെ ദൈര്‍ഘ്യം. 2002 മുതല്‍ നടത്തുന്ന ഒരു കാസ്റിംഗ് ഷോയാണിത്. ഇതിനോടകം നിരവധി കലാകാരന്മാരെ വാര്‍ത്തെടുത്ത ഈ ഷോ ജര്‍മന്‍ ടെലിവിഷന്‍ ഷോ ചാര്‍ട്ടില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ്. കൊളോണില്‍ താമസിക്കുന്ന ഗിം കില്യാന്‍ എന്ന കൊച്ചിക്കാരി യുവതി ജര്‍മന്‍ പോപ്പ് ഗായികയായി രണ്ടായിരത്തിത്തിരണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013 ല്‍ ചങ്ങനാശേരിക്കാരന്‍ ജര്‍മന്‍ മലയാളി രണ്ടാംതലമുറക്കാരന്‍ ജര്‍മന്‍ ടിവിയിലെ ക്വിസ് മല്‍സരത്തില്‍ മൂന്ന് മില്യന്‍ യൂറോ നേടി സമ്മാനം നേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍